തടസം നീങ്ങി, ശശീന്ദ്രന് മന്ത്രിയാകും ; ഇന്നു എന്‍.സി.പി. ഉന്നതതലയോഗം
തിരുവനന്തപുരം : ഫോണ്‍വിളി വിവാദത്തെത്തുടര്‍ന്നു മന്ത്രിസ്ഥാനം രാജിവച്ച എന്‍.സി.പി. നേതാവ് എ.കെ. ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തേക്ക്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ എ.കെ. ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതോടെ മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ മടങ്ങിവരവിനായി തിരക്കിട്ട ചര്‍ച്ചകള്‍.
ഇന്നു നടക്കുന്ന എന്‍.സി.പി. ഉന്നതതലയോഗത്തില്‍ ഔദ്യോഗികതീരുമാനമുണ്ടായാല് ഇടതുമുന്നണിയിലെ മറ്റു പാര്‍ട്ടികളുമായി ആലോചിച്ച് സത്യപ്രതിജ്ഞാതീയതി തീരുമാനിക്കും. ശശീന്ദ്രനെതിരേ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക ബോധിപ്പിച്ചതിനെത്തുടര്‍ന്നാണ് കുറ്റമുക്തനാക്കാനുള്ള തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം.
മന്ത്രിയായിരിക്കെ ഫോണിലും നേരിട്ടും തന്നോട് അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് തിരുവനന്തപുരം സി.ജെ.എം. കോടതി ശശീന്ദ്രനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പരാതിക്കാരി ഉള്‍പ്പെടെ മൂന്നുപേരുടെ മൊഴി രേഖപ്പെടുത്തിയ കോടതി ശശീന്ദ്രനെതിരേ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. എന്നാല്‍ പരാതി പിന്‍വലിച്ചതോടെ ശശീന്ദ്രന് മന്ത്രിയാകാനുള്ള എല്ലാ തടസവും നീങ്ങി.
ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി ശശീന്ദ്രനും, കായല്‍ കൈയേറ്റവിവാദത്തില്‍ കുടുങ്ങി തോമസ് ചാണ്ടിയും രാജിവച്ചതോടെ എന്‍.സി.പിയുടെ ആകെയുള്ള രണ്ട് എം.എല്‍.എമാരും മന്ത്രിസഭയ്ക്കു പുറത്തായി. ഇവരില്‍ ആദ്യം കുറ്റവിമുക്തരാകുന്നവരെ മന്ത്രിയാക്കാനായിരുന്നു എന്‍.സി.പി തീരുമാനം. ഇക്കാര്യം എല്‍.ഡി.എഫ് നേതൃത്വവും അംഗീകരിച്ചിരുന്നു. ഫോണ്വിളിക്കേസിലെ ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമായപ്പോള്തന്നെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നകാര്യം മുന്നണിനേതൃത്വം പരിഗണിച്ചിരുന്നു. എന്നാല്‍ അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ സ്വകാര്യ അന്യായം കോടതിയുടെ പരിഗണനയിലായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. ആ തടസം ഇന്നലെയോടെ നീങ്ങി.
എന്നാല്‍ കേസ് റദ്ദാക്കരുതെന്നും അന്വേഷണം തുടരണമെന്നും ചൂണ്ടിക്കാട്ടി തൈക്കാട് സ്വദേശിനി മഹാലക്ഷ്മി എന്ന പേരില്‍ കോടതിക്ക് മുന്നില്‍ ഇന്നലെ ഹര്‍ജിയെത്തി. തുടര്‍ന്ന് കേസ് ഉച്ചയ്ക്ക്ശേഷം പരിഗണിക്കാന്‍ മാറ്റിവച്ചു. ഹര്‍ജിക്കാരി നല്‍കിയിരുന്ന തിരുവനന്തപുരത്തെ വിലാസത്തില്‍ ഇപ്പോള്‍ ആരും താമസമില്ലാത്തത് ആദ്യം സംശയത്തിനിടയാക്കി. ഹര്‍ജിക്കാരിക്ക് കേസുമായി ബന്ധമില്ലാത്തതും തെളിവുകള്‍ ഹാജരാക്കാത്തതും ചൂണ്ടിക്കാട്ടി ഈ ഹര്‍ജി കോടതി തളളി. തുടര്‍ന്ന് ശശീന്ദ്രനെ കോടതി കുറ്റവിമുക്താക്കുകയും ചെയ്തു.