എ.കെ ശശീന്ദ്രനു മന്ത്രി സ്ഥാനം; സി.പി.എമ്മില്‍ പുതിയ പോര്‍മുഖം; ഇ.പിക്കു വേണ്ടിയും മുറവിളി ഉയരുന്നു

0

തിരുവനന്തപുരം: എ.കെ ശശീന്ദ്രന് മന്ത്രി സ്ഥാനം നല്‍കുന്നതു സംബന്ധിച്ച് സി.പി.എമ്മില്‍ കലഹം. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എന്‍.സി.പിയുടെ ആവശ്യത്തില്‍ ഉടന്‍ തീരുമാനമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഇന്ന് അറിയിച്ചതോടെയാണ് സി.പി.എമ്മില്‍ വീണ്ടും അസ്വസ്ഥതകള്‍ ഉടലെടുത്തിരിക്കുന്നത്. എ.കെ ശശീന്ദ്രന് മന്ത്രി സ്ഥാനം തിരികെ നല്‍കിയാല്‍ ഇ.പി ജയരാജനും മന്ത്രിപദം മടക്കി നല്‍കണമെന്നാണ് ആവശ്യം ശക്തമായിരിക്കുന്നത്.

ശശീന്ദ്രന് മുന്‍പേ കുറ്റവിമുക്തനായ ജയരാജനു മന്ത്രിസ്ഥാനം കൊടുത്തിട്ടു മതി എന്‍.സി.പിക്ക് മന്ത്രിയെന്നാണ് ജയരാജനെ അനുകൂലിക്കുന്നവരുടെ നിലപാട്. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ ഒരു വിഭാഗം ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു. മകന്‍ ബിനോയിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് പ്രതിരോധത്തിലായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതുകൊണ്ടു തന്നെ ഇ.പിയെ അനുകൂലിക്കുന്നവരെ എതിര്‍ക്കാനുമാകുന്നില്ല. പന്ത് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോര്‍ട്ടിലാണ്. നിയമസഭയില്‍ ബജറ്റ് സമ്മേളനം അവസാനിക്കും മുന്‍പേ ശശീന്ദ്രനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്നാണ് എന്‍.സി.പിയുടെ ആവശ്യം.

ഇത് അംഗീകരിച്ചാല്‍ ഇ.പി ജയരാജനായി നടക്കുന്ന മുറവിളി കണ്ടില്ലെന്നു നടിക്കാന്‍ പിണറായിക്കാവില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുവരും തിരികെ എത്തിയാല്‍ അത് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമോ എന്നാണ് മുഖ്യമന്ത്രി സംശയിക്കുന്നത്. കുറ്റവിമുക്തനായതിനാല്‍ ധാര്‍മികതയുടെ പേരില്‍ മന്ത്രിപദം ഒഴിഞ്ഞ തനിക്ക് ഇനി കാത്തിരിക്കാനാവില്ലെന്നാണ് എ.കെ ശശീന്ദ്രന്‍ ഉയര്‍ത്തുന്ന ന്യായം. തോമസ് ചാണ്ടി കുറ്റവിമുക്തായി എത്തുന്നതിനു മുന്‍പേ തിരികെ മന്ത്രിസഭയില്‍ എത്തിയില്ലെങ്കില്‍ വീണ്ടും മന്ത്രിയാകാമെന്നത് സ്വപ്നമായി അവശേഷിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. ശരത്പവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പാര്‍ട്ടിയിലെ പ്രമുഖന്‍ മാണി സി.കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ തോമസ് ചാണ്ടിക്കൊപ്പമാണെന്നത് ശശീന്ദ്രനെ അലോസരപ്പെടുത്തുന്നുണ്ട്.

കുറ്റാരോപിതരായി പുറത്തുപോയവരെ നിയമസഭ നടക്കുന്ന സമയത്ത് വീണ്ടും മന്ത്രിമാരാക്കിയാല്‍ പ്രതിപക്ഷവും ബി.ജെ.പിയും അത് സഭക്കുള്ളിലും പുറത്തും സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കുമെന്ന് സി.പി.എമ്മിനു ഭയമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിയിലുള്ള ബജറ്റ് ജനപ്രീയമാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് മുന്നറിയിപ്പു നല്‍കിയതും സര്‍ക്കാരിനെ പേടിപ്പെടുത്തുന്നുണ്ട്. ഇതിനെതിരെ ജനവികാരം ഉയരുമ്പോള്‍ മന്ത്രിമാരുടെ കാര്യത്തിലും പ്രതിഷേധം വന്നാല്‍ അത് ഇരട്ടപ്രഹരമാകും. അതുകൊണ്ടു തന്നെ നിയമസഭാ സമ്മേളനം അവസാനിച്ചശേഷമേ ഇതേക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് ഘടകകക്ഷികള്‍ സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എറണാകുളത്ത് ഉള്‍പ്പെടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിവിട്ട് സി.പി.ഐയില്‍ ചേരുന്നതിനാല്‍ ഇ.പിക്കായി മുറവിളി കൂട്ടുന്നവരെ അവഗണിക്കാനും സി.പി.എമ്മിനാകുന്നില്ല.

Leave A Reply

Your email address will not be published.