ലാഭമെടുപ്പില്‍ കിതച്ച്‌ വിപണികള്‍

0

മുംബൈ: തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കൊടുവില്‍ സൂചികകളില്‍ തളര്‍ച്ച. വിപണികള്‍ ഉന്നതങ്ങളിലിരിക്കേ ബജറ്റ്‌ അടുത്തെത്തിയതും രാജ്യാന്തര വിപണികളുടെ തളര്‍ച്ചയും തിരിച്ചടിയായി. വിപണികള്‍ വീഴുമോയെന്ന ഭയത്തില്‍ നിക്ഷേപകള്‍ ലാഭക്കൊയ്‌ത്ത്‌ നടത്തിയതാണ്‌ കാര്യങ്ങള്‍ ദുസഹമാക്കിയത്‌. സെന്‍സെക്‌സ്‌ 249.52 പോയിന്റ്‌ നഷ്‌ടത്തില്‍ 36,033.73ലും നിഫ്‌റ്റി 80.70 പോയിന്റ്‌ താഴ്‌ന്ന്‌ 11,049.70ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.

കടുത്ത വില്‍പ്പന സമ്മര്‍ദമാണ്‌ വിപണികളില്‍ പ്രതിഫലിച്ചത്‌. രാജ്യാന്തര വിപണികളിലുണ്ടായ നഷ്‌ടവും സൂചികകളെ ബാധിച്ചു. ഇന്നു തുടങ്ങുന്ന യു.എസ്‌. ഫെഡ്‌ റിസര്‍വ്‌ യോഗവും കാര്യങ്ങള്‍ പ്രതികൂലമാക്കി. ബി.എസ്‌.ഇയിലെ 801 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2,045 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. എങ്കിലും സെന്‍സെക്‌സ്‌ 36,000ത്തിനും നിഫ്‌റ്റി 11,000ത്തിനും മുകളില്‍ നിന്നത്‌ നിക്ഷേപകര്‍ക്ക്‌ ആശ്വാസമായി.

വാരാദ്യം സൂചിക 232.81 പോയിന്റ്‌ മുന്നേറിയിരുന്നു. എണ്ണവിലയിലുണ്ടായ താല്‍ക്കാലിക ഇടിവും ഐ.ഒ.സിയുടെ മികച്ച പാദഫലവും എണ്ണ വിപണന കമ്പനികളുടെ ഓഹരികള്‍ക്ക്‌ ഗുണകരമായി. മൂന്നു മുതല്‍ അഞ്ചു ശതമാനംവരെ കമ്പനികള്‍ നേട്ടമുണ്ടാക്കി. വിദേശനിക്ഷേപകരുടെ തിരിച്ചുവരവ്‌ വിപണികള്‍ക്ക്‌ നേട്ടമാണ്‌. 291.86 കോടി രൂപയുടെ ഓഹരികള്‍ ഇവര്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയതായി രേഖകള്‍ വ്യക്‌തമാക്കി.

പ്രാദേശിക നിക്ഷേപസ്‌ഥാപനങ്ങളും 90.08 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. 2.22 ശതമാനം മൂല്യ ശോഷണം നേരിട്ട ഏഷ്യന്‍ പെയിന്റ്‌സാണ്‌ ഇന്നലെ പിന്നിലായത്‌. ആക്‌സിസ്‌ ബാങ്ക്‌, ഡോ.റെഡ്‌ഡീസ്‌ ലാബ്‌, അദാനി പോര്‍ട്‌സ്‌, റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌, വിപ്രോ, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, ടി.സി.എസ്‌, യെസ്‌ ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി. ലിമിറ്റഡ്‌, ഇന്‍ഫോസിസ്‌, ടാറ്റ സ്‌റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്‌ തുടങ്ങിയ ഓഹരികളും പിന്നിലായി. അതേസമയം കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്‌, സണ്‍ ഫാര്‍മ, എസ്‌.ബി.ഐ, ഇന്‍ഡസ്‌സിന്‍ഡ്‌ ബാങ്ക്‌, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, പവര്‍ ഗ്രിഡ്‌ തുടങ്ങിയവര്‍ നേട്ടമുണ്ടാക്കി. ബോര്‍ഡര്‍ ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ദൃശ്യമായി. സ്‌മോള്‍ക്യാപ്‌ 1.34 ശതമാനവും മിഡ്‌ക്യാപ്‌ 0.67 ശതമാനവും താഴ്‌ന്നു.

Leave A Reply

Your email address will not be published.