പാസ്‌പോര്‍ട്ടില്‍ വിവേചനമില്ല; ഓറഞ്ച് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചു

0

ന്യൂഡല്‍ഹി: പത്താം ക്ലാസ് ജയിക്കാത്തവര്‍ക്ക് ഓറഞ്ച് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഇതോടെ പാസ്‌പോര്‍ട്ട് നിലവിലെ സ്ഥിതി തുടരും. പത്താം ക്ലാസ് പാസാകാത്തവര്‍ക്ക് ഓറഞ്ച് പാസ്‌പോര്‍ട്ട് നല്‍കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത് ഉപേക്ഷിച്ചത്.

പാസ്‌പോര്‍ട്ടില്‍ വിലാസമുള്ള അവസാന പേജ് ഒഴിവാക്കാനുള്ള തീരുമാനവും പിന്‍വലിച്ചു. വിലാസം തെളിയിക്കുന്നതിനുള്ള രേഖയായി തുടര്‍ന്നും പാസ്‌പോര്‍ട്ട് ഉപയോഗിക്കാം. സാധാരണക്കാരായ തൊഴിലാളികളെ വിദേശ രാജ്യങ്ങളിലെ ചൂഷണത്തില്‍ നിന്ന് തടയുന്നതിന് ഓറഞ്ച് പാസ്‌പോര്‍ട്ട് കൊണ്ടു വരുന്നു എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം. എന്നാല്‍ ഇത് രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുമെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് നീക്കം ഉപേക്ഷിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ള നിറത്തിലുള്ള പാസ്‌പോര്‍ട്ടും നയതന്ത്ര പാസ്‌പോര്‍ട്ടിന് അര്‍ഹതയുള്ളവര്‍ക്ക് ചുവപ്പ് നിറത്തിലുള്ള പാസ്‌പോര്‍ട്ടുമാണ് രാജ്യത്ത് നിലവിലുള്ളത്. മറ്റ് പൗരന്‍മാര്‍ക്ക് നീല പാസ്‌പോര്‍ട്ടാണ് അനുവദിച്ചിരുന്നത്. ഇതില്‍ തന്നെ പത്താം €ാസ് ജയിക്കാത്തവര്‍ക്ക് ഓറഞ്ച് പാസ്‌പോര്‍ട്ട് നല്‍കാനായിരുന്നു നീക്കം.

നീല പാസ്‌പോര്‍ട്ട് കൈവശമുള്ളവരില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകാത്തവര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള വിഭാഗമാണ്. ഈ വിഭാഗം കൂടുതലായി ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യുന്നത്. ഇവരെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കാന്‍ പാസ്‌പോര്‍ട്ടിലെ നിറവ്യത്യാസം കാരണമാകുമെന്നായിരുന്നു വിമര്‍ശനം.

Leave A Reply

Your email address will not be published.