ബിനോയിക്കു മുമ്പേ ദുബായില്‍ ബിനീഷിനും വിലക്ക്‌

0

കോട്ടയം : സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ്‌ കോടിയേരിക്കു നേരത്തേതന്നെ ദുബായില്‍ വിലക്ക്‌. കോടിയേരിയുടെ മൂത്ത മകന്‍ ബിനോയിക്കു ദുബായില്‍ യാത്രാവിലക്ക്‌ വന്നതിനു പിന്നാലെയാണ്‌ ബിനീഷിനെതിരേ സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ള കേസ്‌ വിവരങ്ങളും അവിടുത്തെ വിലക്കും പുറത്തുവന്നത്‌. ഇക്കാര്യം ഇന്നലെ നിയമസഭയില്‍ അനില്‍ അക്കര എം.എല്‍.എ. പരാമര്‍ശിച്ചിരുന്നു. ബിനോയിക്കു ദുബായ്‌ വിടാനാകില്ല, ബിനീഷിനു ദുബായിലേക്കു പോകാനുമാകില്ല എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

ദുബായിലെ മൂന്നു പോലീസ്‌ സ്‌റ്റേഷനുകളിലായി ഏകദേശം 50 ലക്ഷം രൂപയുടെ കേസുകളാണു ബിനീഷിനെതിരേയുള്ളത്‌. ദുബായ്‌ ഫസ്‌റ്റ്‌് ഗള്‍ഫ്‌ ബാങ്കില്‍ നിന്നു വായ്‌പ എടുത്തതുമായി ബന്ധപ്പെട്ട്‌ ദുബായ്‌ ബര്‍ഷ പോലീസ്‌ സ്‌റ്റേഷനിലാണ്‌ ഒരു കേസ്‌. സ്വകാര്യ ക്രെഡിറ്റ്‌ കമ്പനിയെ കബളിപ്പിച്ചതിനു ഖിസൈഡ്‌ പോലീസ്‌ സ്‌റ്റേഷനിലുളളതാണ്‌ മറ്റൊന്ന്‌. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ബര്‍ദുബായ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തതാണ്‌ അടുത്ത കേസ്‌. ഈ കേസുകള്‍ നടക്കുന്നിനിടെ ബിനീഷ്‌ കേരളത്തിലേക്കു മടങ്ങി. അതോടെയാണു വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌.

ബിനോയിയും ബിനീഷും ദുബായില്‍ നടത്തിയിരുന്ന ബിസിനസുകള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു. കേരളത്തിലെ ഒരു പ്രമുഖ സമുദായ നേതാവിന്റെ മകനുമായി ചേര്‍ന്ന്‌ ബിനോയി ദുബായില്‍ കണ്‍സ്‌ട്രക്‌ഷന്‍ ബിസിനസ്‌ നടത്തുന്നുണ്ടായിരുന്നു. ബിനോയി അതിനു പുറമേ റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസും നടത്തിയിരുന്നു.

പ്രമുഖ വ്യവസായി രവി പിള്ളയുടെ സ്‌ഥാപനങ്ങളുടെ വൈസ്‌ പ്രസിഡന്റായാണ്‌ ബിനീഷ്‌ ഗള്‍ഫിലെത്തിയത്‌. പിന്നീട്‌ ട്രാവല്‍ ഏജന്‍സി, ഫെസിലിറ്റി മാനേജ്‌മെന്റ്‌ കമ്പനി, മണി എക്‌സ്‌ചേഞ്ച്‌ എന്നിവയും നടത്തി. സംസ്‌ഥാനത്തെ ഒരു പ്രമുഖ സി.പി.എം. നേതാവിന്റെ മകനുമായി ചേര്‍ന്ന്‌ ടൈല്‍സ്‌ വ്യാപാരം, കണ്‍സ്‌ട്രക്‌ഷന്‍ കമ്പനികള്‍ക്കുള്ള വാട്ടര്‍ സപ്ലൈ എന്നീ ബിസിനസുകളും നടത്തിയിരുന്നു.

ഇതിനിടെ, ബിനീഷുമായും ബിനോയിയുമായും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുളള ബന്ധവും സജീവചര്‍ച്ചയായി. കോണ്‍ഗ്രസിന്റെ ടിവി ചാനലായ ജയ്‌ഹിന്ദാണ്‌ ബിനീഷിന്റെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്‌. വാര്‍ത്ത പുറത്തുവന്നയുടന്‍ സംപ്രഷണം നിര്‍ത്തിവയ്‌ക്കാന്‍ ഉന്നത കോണ്‍ഗ്രസ്‌ നേതാവ്‌ നിര്‍ദേശിച്ചതു വിവാദമായി. ഈ സംഭവം ചര്‍ച്ചയായതോടെയാണ്‌ ചാനല്‍ ഈ വാര്‍ത്ത തുടര്‍ന്നു സംപ്രഷണം ചെയ്‌തത്‌.

Leave A Reply

Your email address will not be published.