നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തമിഴ്‌നാട്ടില്‍ വിറ്റ സംഭവം; പിന്നില്‍ ശ്രീലങ്കന്‍ സെക്‌സ് മാഫിയ, നടക്കുന്നത് വന്‍ ശൃംഖലയുടെ കോടികളുടെ ഇടപാട്

0

ആലത്തൂര്‍: നാലുദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തമിഴ്‌നാട്ടിലെത്തിച്ചു വിറ്റ സംഭവത്തില്‍ ശ്രീലങ്കന്‍ സെക്‌സ് മാഫിയയുടെ ബന്ധം വ്യക്തമാക്കുന്ന നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചു.

പ്രധാന സൂത്രധാരന്‍ ഈറോഡ് കൃഷ്ണപാളയം 31, കക്കന്‍ നഗര്‍ നിത്യയില്‍ ജനാര്‍ദ്ദനന്‍ (ജന 33), കുഞ്ഞിന്റെ അച്ഛന്‍ കുനിശ്ശേരി കണിയാര്‍കോട് കുന്നമ്പാറയില്‍ താമസിക്കുന്ന, പൊള്ളാച്ചി ഒറ്റക്കാല്‍ മണ്ഡപം കിണത്തുക്കടവ് രാജന്‍ (32) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ഈറോഡ്, പൊള്ളാച്ചി, കിണത്തുകടവ്, പെരുന്തുെറെ എന്നിവിടങ്ങളില്‍ തെളിവെടുത്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കി.

ജനാര്‍ദ്ദനനില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയ്ക്കു കുഞ്ഞിനെ വാങ്ങിയ ഭാഗ്യലക്ഷ്മി, സഹായി കവിത എന്നിവരെ പിടികൂടാനുണ്ട്. പ്രതികളെ ചോദ്യംചെയ്ത പോലീസിന് ഇവരുമായി ബന്ധപ്പെട്ട റാക്കറ്റിനെയും മാഫിയസംഘത്തെയും കുറിച്ചു സുപ്രധാന വിവരം കിട്ടി.

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, വിലയ്ക്കു വാങ്ങല്‍, അണ്ഡ, ബീജ, ഭ്രൂണവ്യാപാരം, ഗര്‍ഭപാത്രം വാടകയ്ക്കു കൊടുക്കല്‍, മനുഷ്യക്കടത്ത്, പെണ്‍വാണിഭം, അവയവക്കച്ചവടം തുടങ്ങിയവ നിയന്ത്രിക്കുന്ന വന്‍ശൃംഖലയിലെ താഴേത്തട്ടിലുള്ള കണ്ണികളാണിവരെന്ന് ഉറപ്പിക്കാമെന്നാണ് പോലീസ് പറയുന്നത്. നേരത്തേ ഉയര്‍ന്ന സംശയം ഉറപ്പിക്കും വിധം പ്രമുഖ ക്രിമിനല്‍ അഭിഭാഷകര്‍ ഇവര്‍ക്കായി രംഗത്തെത്തിയിരുന്നു.

വിജി, ബിന്ദു എന്നിവരുടെ ജാമ്യത്തിനായി തമിഴ്‌നാട്ടില്‍ നിന്നുള്ള വക്കീല്‍ സുമതി കോടതിയിലെത്തി. പാലക്കാട്ടെ പ്രമുഖ വക്കീലും രംഗത്തുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പൊള്ളാച്ചിയിലും ഈറോഡിലും എത്തിയ ആലത്തൂര്‍ പോലീസിനു തമിഴ്‌നാട് പോലീസിന്റെ സഹകരണം കിട്ടിയിരുന്നില്ല. ഒരു ഘട്ടത്തില്‍ സി.ഐ: കെ.എ. എലിസബത്ത് അടക്കമുള്ളവരെ വ്യാജ പോലീസെന്നു സംശയിക്കുകയും ചെയ്തു.

എസ്.ഐ: എസ്. അനീഷിനോടു മോശമായി പെരുമാറി. പാലക്കാട് എസ്.പി. തമിഴ്‌നാട് പോലീസ് മേധാവികളോടു സംസാരിച്ച ശേഷമാണ് ഇതിനു മാറ്റം വന്നത്. പൊള്ളാച്ചി കേന്ദ്രീകരിച്ചു നടക്കുന്ന വന്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേക്കാണു സംഭവം വിരല്‍ചൂണ്ടുന്നത്. ശിശുക്കളെയും പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ശ്രീലങ്ക കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര സെക്‌സ് റാക്കറ്റിന് എത്തിക്കുന്ന സംഘവും ഇവരുമായി ബന്ധപ്പെടുന്നതായി സംശയമുണ്ട്.

Leave A Reply

Your email address will not be published.