ആറു മിനിറ്റില്‍ മൂന്നു ഗോള്‍; നാണംകെട്ട്‌ ചെല്‍സി

0

ലണ്ടന്‍: അവസാന ആറു മിനിറ്റിനിടെ ഇടിത്തീ പോലെ മൂന്നു ഗോളുകള്‍; നിലവിലെ ചാമ്പ്യന്മാരെ നാണക്കേടിന്റെ പടുകുഴിയിലേക്ക്‌ തള്ളിയിട്ട്‌ വാറ്റ്‌ഫോര്‍ഡിനു മിന്നുന്ന ജയം.

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ്‌ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ വാറ്റ്‌ഫോര്‍ഡ്‌ ഞെട്ടിച്ചത്‌.

മത്സരത്തിന്റെ ആദ്യപകുതിയില്‍ 42-ാം മിനിറ്റില്‍ ലീഡ്‌ നേടിയ വാറ്റ്‌ഫോര്‍ഡിനെതിരേ ചെല്‍സി 82-ാം മിനിറ്റില്‍ സമനില കൈവരിച്ചതാണ്‌. എന്നാല്‍ അവസാന ആറുമിനിറ്റിനിടെ ഡാരില്‍ ജന്‍മാറ്റ്‌, ജെറാര്‍ഡ്‌ ഡ്യുലോഫ്യൂ, റോബര്‍ട്ടോ പെരേയ്ര എന്നിവരിലൂടെ മൂന്നുവട്ടം വലകുലുക്കിയ വാറ്റ്‌ഫോര്‍ഡ്‌ മത്സരം സ്വന്തം പേരിലാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തില്‍ ബോണ്‍മത്തിനെതിരേ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്‌ ചെല്‍സി തോറ്റിരുന്നു. ഇതില്‍ നിന്നു കരകയറാന്‍ മികച്ച ജയം ലക്ഷ്യമിട്ട്‌ ഇറങ്ങിയ അവര്‍ക്ക്‌ ഇരുട്ടടി പോലെയായി ഈ തോല്‍വി.

കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഇതാദ്യമായാണ്‌ പ്രീമയര്‍ ലീഗില്‍ ഇത്ര ദയനീമായി തുടരെ തുടരെയുള്ള മത്സരങ്ങളില്‍ ചെല്‍സി പരാജയപ്പെടുന്നത്‌. തോല്‍വിയോടെ ലീഗില്‍ ആദ്യ നാലില്‍ തുടരാമെന്നുള്ള ചെല്‍സിയുടെ മോഹങ്ങളും തകര്‍ന്നു.

മത്സരത്തിന്റെ തുടക്കം തൊട്ടേ ചെല്‍സിക്ക്‌ തിരിച്ചടിയായിരുന്നു. 30-ാം മിനിറ്റില്‍ തന്നെ രണ്ടാം മഞ്ഞക്കാര്‍ഡ്‌ വാങ്ങി തിമൗ ബെക്കായോക്കോ പുറത്തുപോയതോടെ അവര്‍ 10 പേരായി ചുരുങ്ങി.

42-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ തിബൗട്ട്‌ കോര്‍ട്ടോയിസ്‌ വരുത്തിയ ഫൗളിന്‌ അവര്‍ പെനാല്‍റ്റിയും വഴങ്ങി. ഡ്യുലോഫ്യുവിനെ ബോക്‌സില്‍ വലിച്ചിട്ടതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ട്രോയി ഡീനി പിഴവില്ലാതെ ലക്ഷ്യം കണ്ടു. 1-0 എന്ന നിലയില്‍ ലീഡ്‌ വഴങ്ങി ഇടവേള കഴിഞ്ഞെത്തിയ ചെല്‍സി സമനിലയ്‌ക്കാണി കണഞ്ഞു പൊരുതി. ഒടുവില്‍ 82-ാം മിനിറ്റില്‍ എയ്‌ഡന്‍ ഹസാര്‍ഡിലൂടെ അവര്‍ ലക്ഷ്യം കണ്ടു.

പക്ഷേ ആഹ്‌ളാദം അധികം നീണ്ടില്ല. 84-ാം മിനിറ്റില്‍ ജന്‍മാറ്റ്‌ വാറ്റ്‌ഫോര്‍ഡിന്‌ വീണ്ടും ലീഡ്‌ സമ്മാനിച്ചു. ഇതോടെ തകര്‍ന്നു പോയ ചെല്‍സിയുടെ വിവശതയിലേക്ക്‌ 88-ാം മിനിറ്റില്‍ ഡ്യൂലോഫ്യൂവും 90-ാം മിനിറ്റില്‍ പെരേയ്രയും ഗോളടിച്ചു കയറ്റിയതോടെ അവര്‍ പരാജയം സമ്മതിച്ചു.

തോല്‍വിയോടെ മൂന്നാം സ്‌ഥാനത്തെത്താനുള്ള അവസരമാണ്‌ ചെല്‍സി കളഞ്ഞുകുളിച്ചത്‌. 26 മത്സരങ്ങളില്‍ നിന്ന്‌ 50 പോയിന്റുമായി നാലാം സ്‌ഥാനത്താണ്‌ അവര്‍. 69 പോയിന്റുമായി മാഞ്ചസ്‌റ്റര്‍ സിറ്റി ഒന്നാമതു തുടരുമ്പോള്‍ 56 പോയിന്റുമായി യുണൈറ്റഡ്‌ രണ്ടാമതും 51 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാമതുമുണ്ട്‌. 49 പോയിന്റുള്ള ടോട്ടനമാണ്‌ അഞ്ചാമത്‌.

Leave A Reply

Your email address will not be published.