ചീഫ് ജസ്റ്റിസ് അറസ്റ്റില്‍; മാലദ്വീപില്‍ പ്രതിസന്ധി രൂക്ഷം
മാലെ: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസും ജഡ്ജിയും അറസ്റ്റില്‍. പ്രസിഡന്റ് അബ്ദുള്ള യാമീന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ സൈന്യം സുപ്രീം കോടതിയിലേക്ക് ഇരച്ചുകയറിയിരുന്നു.
രണ്ടു ജഡ്ജിമാര്‍ക്കുമെതിരേ അഴിമതിക്കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് അറസ്റ്റിനു പോലീസ് കാരണം പറയുന്നത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒമ്പതു രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാനും പ്രതിപക്ഷത്തു ചേര്‍ന്നതിന്റെ പേരില്‍ പുറത്താക്കിയ 12 എം.പിമാരുടെ അയോഗ്യത നീക്കാനും സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് ഇംപീച്ച്മെന്റ് ഒഴിവാക്കാനും അധികാരം നിലനിര്‍ത്താനുമായി യാമീന് കടുത്ത നടപടികള്‍ക്കു തുനിഞ്ഞത്. 12 എം.പിമാര്‍ കൂറുമാറിയതോടെ യാമീന് സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ഇവര്‍ പാര്‍ലമെന്റിലെത്തിയാല്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്ന അവസ്ഥയിലാണു യാമീന് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.