ചെന്നൈയിനോടു പകവീട്ടി ബംഗളുരു

0

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ്‌.സിയോട്‌ പലിശ സഹിതം കണക്കുതീര്‍ത്ത്‌ ബംഗളുരു ഒന്നാം സ്‌ഥാനത്ത്‌ പിടിമുറുക്കി.

ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിനെ അവരുടെ തട്ടകമായ മറീനാ അരീനയില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ്‌ ബംഗളുരു തോല്‍പിച്ചത്‌. ബൊയ്‌താങ്‌ ഹാവോകിപ്‌, മികു, സുനില്‍ ഛേത്രി എന്നിവരാണ്‌ ബംഗളുരുവിന്റെ ഗോളുകള്‍ നേടിയത്‌. ചെന്നൈയിനായി ഫ്രാന്‍സിസ്‌ ഫെര്‍ണാണ്ടസ്‌ ഒരു ഗോള്‍ മടക്കി.

ഇതോടെ ആദ്യപാദത്തില്‍ സ്വന്തം മണ്ണിലേറ്റ തോല്‍വിക്ക്‌ മധുരമായി പകവീട്ടാനും ബംഗളുരുവിനായി.

അന്ന്‌ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ചെന്നൈയിന്‍ ബംഗളുരുവിനെ വീഴ്‌ത്തിയത്‌.

ഇന്നലെ മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ലീഡ്‌ നേടിയാണ്‌ ബംഗളുരു തുടങ്ങിയത്‌. ആതിഥേയരുടെ പ്രതിരോധപ്പിഴവ്‌ മുതലെടുത്ത്‌ ഹാവോകിപ്‌ ലക്ഷ്യം കാണുകയായിരുന്നു. ലീഡ്‌ വഴങ്ങിയതോടെ ചെന്നൈയിന്‍ ഉണര്‍ന്നു കളിക്കാന്‍ ആരംഭിച്ചു. ഇതോടെ മത്സരം ആവേശകരമായി.

33-ാം മിനിറ്റില്‍ ആതിഥേയര്‍ ഒപ്പമെത്തി. ഇടതു വിങ്ങില്‍ നിന്ന്‌ ജെറി നല്‍കിയ ഉശിരന്‍ ക്രോസില്‍ തലച്ചാണ്‌ ഫെര്‍ണാണ്ടസ്‌ സമനില ഗോള്‍ നേടിയത്‌. ഇടവേളയില്‍ ഇരുടീമുകളും 1-1 എന്ന നിലയില്‍ ഒപ്പത്തിന്‌ പിരിയുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ ചെന്നൈയിനെ നിഷ്‌പ്രഭമാക്കുന്ന പ്രകടനമായിരുന്നു ബംഗളുരുവിന്റേത്‌. 63-ാം മിനിറ്റില്‍ തന്നെ അവര്‍ രണ്ടാമതും ലീഡ്‌ നേടി. നായകന്‍ സുനില്‍ ഛേത്രിയുടെ ഷോട്ട്‌ ചെന്നൈയിന്‍ ഗോളി കരണ്‍ജിത്‌ തട്ടിയകറ്റിയത്‌ പിടിച്ചെടുത്ത്‌ മികു ലക്ഷ്യം കാണുകയായിരുന്നു.

തൊട്ടുപിന്നാലെ രണ്ടാം മഞ്ഞക്കാര്‍ഡ്‌ കണ്ട്‌ നായകന്‍ ഹെന്റിക്‌ സെറിനോ പുറത്തുപോയതും ചെന്നൈയിന്‌ തിരിച്ചടിയായി. തൊട്ടുപിന്നാലെ ലഭിച്ച പെനാല്‍റ്റി മുതലാക്കാനുമായില്ല. 75-ാം മിനിറ്റില്‍ ഗണേഷിനെ വീഴ്‌ത്തിയതിനു ലഭിച്ച സ്‌പോട്ട്‌കിക്ക്‌ ജെജെ ലാല്‍പെഖുലെ ഗോള്‍കീപ്പറുടെ കൈയിലേക്ക്‌ അടിച്ചാണ്‌ പാഴാക്കിയത്‌.

പത്തു പേരായി ചുരുങ്ങിയിട്ടും സമനിലയ്‌ക്കു വേണ്ടി പൊരുതിക്കളിച്ച അവരെ നിരാശപ്പെടുത്തി അവസാന മിനിറ്റില്‍ ഗോള്‍നേടി സുനില്‍ ഛേത്രി ബംഗളുരുവിന്റെ ജയം ഉറപ്പാക്കി.

Leave A Reply

Your email address will not be published.