പാറ്റൂരില്‍ കേസില്ല : സര്‍ക്കാരിനു തിരിച്ചടിയായി ഹൈക്കോടതിവിധി

0

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്‌ഭൂഷനുമടക്കം അഞ്ചുപേര്‍ പ്രതികളായ പാറ്റൂര്‍ ഭൂമിയിടപാടു കേസ്‌ ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം കേസ്‌ നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. വിജിലന്‍സ്‌ രജിസ്‌റ്റര്‍ ചെയ്‌ത പ്രഥമ വിവര റിപ്പോര്‍ട്ടും റദ്ദാക്കിയതോടെ കേസന്വേഷണം അവസാനിക്കും.

ഭരത്‌ഭൂഷന്റെ ഹര്‍ജിയില്‍, സ്‌പെന്‍ഷനിലായ വിജിലന്‍സ്‌ മുന്‍ ഡയറക്‌ടര്‍ ജേക്കബ്‌ തോമസിനെ കോടതി അതിനിശിതമായാണു വിമര്‍ശിച്ചത്‌. അച്ചടക്കമില്ലാത്ത ഉദ്യോഗസ്‌ഥന്‍ എന്നാണ്‌ കോടതി ജേക്കബ്‌ തോമസിനെ വിശേഷിപ്പിച്ചതും. ജേക്കബ്‌ തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു പ്രഥമ വിവര റിപ്പോര്‍ട്ട്‌ രജിസ്‌റ്റര്‍ ചെയ്‌തതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേസിലെ സാമൂഹ്യമാധ്യമ ഇടപെടലുകള്‍ കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി തല്‍ക്കാലം ഇതിന്റെ പേരില്‍ ജേക്കബ്‌ തോമസിനെതിരേ കോടതിയലക്ഷ്യ നടപടികളിലേക്കു പോകുന്നില്ലെന്നു വ്യക്‌തമാക്കി. സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്‌ഥരുടെ കാര്യത്തില്‍ അച്ചടക്കം പരമപ്രധാനമാണ്‌. ജേക്കബ്‌ തോമസിന്‌ അതുണ്ടെന്നു കരുതാനാവില്ല. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ജേക്കബ്‌ തോമസ്‌ സത്യത്തെക്കുറിച്ച്‌ എഴുതിയതു കണ്ട്‌ സഹതപിക്കുന്നെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, പുറമ്പോക്ക്‌ ഭൂമി തിരിച്ചുപിടിക്കുന്നതിന്‌ ലോകായുക്‌തയ്‌ക്ക്‌ നടപടി തുടരാം.

സ്വകാര്യ നിര്‍മാതാക്കളെ സഹായിക്കാന്‍ ജല അഥോറിറ്റിയുടെ സ്വീവേജ്‌ പൈപ്പ്‌ലൈന്‍ മാറ്റി സ്‌ഥാപിക്കുന്നതിനു സ്‌ഥലം വിട്ടുനല്‍കിയതിലൂടെ സംസ്‌ഥാന സര്‍ക്കാരിനു കോടികളുടെ നഷ്‌ടമുണ്ടായി എന്നായിരുന്നു വജിലന്‍സ്‌ കേസ്‌. ജല അഥോറിറ്റിയുടെ സ്‌ഥലമാണ്‌ ഫ്‌ളാറ്റ്‌ കമ്പനി സ്വന്തമാക്കിയത്‌. അഥോറിറ്റിയുടെ നിലപാടു വകവയ്‌ക്കാതെ കമ്പനിക്കനുകൂലമായ തീരുമാനം ഉമ്മന്‍ചാണ്ടി സ്വീകരിച്ചെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.

അഴുക്കുചാല്‍ മാറ്റാന്‍ ഉത്തരവിട്ടത്‌ പ്രതികളിലൊരാളായ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറായിരുന്നു. അഴുക്കുചാലിന്റെ ഗതിമാറ്റാന്‍ ഫ്‌ളാറ്റ്‌ കമ്പനിയോട്‌ 14.8 ലക്ഷം രൂപ കെട്ടിവയ്‌ക്കാനാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. ഈ ഉത്തരവ്‌ അന്നത്തെ ജല അതോറിറ്റി എംഡി തടഞ്ഞെങ്കിലും വഴിവിട്ട നീക്കങ്ങളിലൂടെ ഉന്നതല സഹായം തേടി ഫ്‌ളാറ്റ്‌ കമ്പനി ലക്ഷ്യത്തിലെത്തിയെന്നാണു വിജിലന്‍സ്‌ കണ്ടെത്തിയത്‌. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ഉത്തരവ്‌ തടഞ്ഞപ്പോള്‍ കമ്പനി അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സമീപിച്ചു. ഉമ്മന്‍ ചാണ്ടി തീരുമാനം വൈകിപ്പിച്ചു. തുടര്‍ന്ന്‌ ഉടന്‍ തീരുമാനമെടുക്കണമെന്ന വിധി കമ്പനി കോടതിയില്‍ നിന്നു സമ്പാദിച്ചു. അങ്ങനെ മുഖ്യമന്ത്രി വിഷയം ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്‌ഭൂഷണു കൈമാറിയെന്നും കമ്പനിക്ക്‌ അനുകൂലമായ തീരുമാനം കൈക്കൊണ്ടെന്നുമായിരുന്നു ആരോപണം.എഫ്‌.ഐ.ആറില്‍ ഭരത്‌ഭൂഷന്‍ മൂന്നാം പ്രതിയും ഉമ്മര്‍ചാണ്ടി നാലാം പ്രതിയുമാണ്‌.

* അപ്പീല്‍ പോകില്ല; വിജിലന്‍സ്‌ തലയൂരി

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാടു കേസില്‍ ഹൈക്കോടതി വിജിലന്‍സ്‌ എഫ്‌.ഐ.ആര്‍. റദ്ദാക്കിയതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകില്ല. കേസ്‌ തിരിച്ചടിക്കുമെന്ന ആശങ്കയ്‌ക്കിടെ തലയൂരിയ ആശ്വാസത്തില്‍ വിജിലന്‍സ്‌.

സര്‍ക്കാര്‍ ഏജന്‍സി അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതോടെ വിജിലന്‍സിന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞിരുന്നു. വീണ്ടും അളക്കണമെന്നു നിയമോപദേശം ലഭിച്ചെങ്കിലും അതിന്റെ ഫലത്തെക്കുറിച്ച്‌ ഉറപ്പില്ല. പൈപ്പിട്ടിരിക്കുന്നതു സര്‍ക്കാര്‍ ഭൂമിയിലാണോ സ്വകാര്യ ഭൂമിയിലാണോ എന്ന്‌ കൂടുതല്‍ വിശദമായി അന്വേഷിക്കണമെന്നാണു പുതിയ ഉപദേശം കിട്ടിയിരിക്കുന്നത്‌. സ്‌ഥലം സ്വകാര്യ കമ്പനിയുടേതെന്ന്‌ ഉറപ്പിക്കുംമുമ്പ്‌ വീണ്ടും ഇത്തരത്തിലൊരു സമഗ്രാന്വേഷണം ആവശ്യമാണെന്നാണു വിജിലന്‍സിലെ ഒരു വിഭാഗത്തിന്റെ വാദം. ഇത്തരമൊരു നിയമോപദേശവും നിലവിലുണ്ട്‌. എന്നാല്‍, ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നും കേസിന്റെ ഭാവി സംബന്ധിച്ചു ഹൈക്കോടതി തന്നെ തീരുമാനിക്കട്ടെയെന്നുമായിരുന്നു ഒടുവിലുണ്ടായ നിലപാട്‌. പാറ്റൂര്‍ കേസിലെ ഭൂമിരേഖകള്‍ പൂര്‍ണമാണെന്നു ഹൈക്കോടതി നേരത്തെതന്നെ നിരീക്ഷിച്ചിരുന്നു.

ഒന്നാം പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ കേസില്‍നിന്ന്‌ ഒഴിവാക്കുമ്പോള്‍തന്നെ അഴിമതി നിരോധന നിയമപ്രകാരം സ്വകാര്യ വ്യക്‌തികള്‍ക്കെതിരായ വിജിലന്‍സ്‌ കേസ്‌ നിലനില്‍ക്കില്ലെന്ന വാദവുമുണ്ട്‌.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെയും ഉമ്മന്‍ ചാണ്ടിയേയും അടിക്കാനുള്ള വടിയായി കേസിനെ കണ്ട സി.പി.എമ്മിനും ഇപ്പോള്‍ പാറ്റൂരില്‍ താല്‍പ്പര്യം കുറഞ്ഞു.

Leave A Reply

Your email address will not be published.