ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ്‌ പരമ്പര : ചരിത്രം കുറിക്കാന്‍ കോഹ്ലിപ്പട

0

ജൊഹാനസ്‌ബര്‍ഗ്‌: 15 വര്‍ഷം മുമ്പ്‌ ഇന്ത്യക്ക്‌ ഒരു സ്വപ്‌നനേട്ടം നിഷേധിച്ച സ്‌റ്റേഡിയമാണ്‌ ജൊഹാനസ്‌ബര്‍ഗിലെ വാണ്ടറേഴ്‌സ്.

അന്ന്‌ ലോകകിരീടം കൊതിച്ചെത്തിയ ഇന്ത്യ റിക്കിപോണ്ടിങ്ങിന്റെ താണ്ഡവത്തില്‍ തകര്‍ന്നടിഞ്ഞു പോയി.

ഇന്ന്‌ അതേ വേദിയില്‍ ചരിത്രം കുറിക്കാനിറങ്ങുകയാണ്‌ വിരാട്‌ കോഹ്ലിയുടെ നേതൃത്വത്തിലുള്ള യുവ ഇന്ത്യ. ദക്ഷിണാഫ്രിക്കന്‍ മണ്ണിലൊരു പരമ്പര നേട്ടം… സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനും സൗരവ്‌ ഗാംഗുയിക്കും രാഹുല്‍ ദ്രാവിഡിനും മഹേന്ദ്ര സിങ്‌ ധോണിക്കും കഴിയാതിരുന്ന ആ നേട്ടം സ്വന്തമാക്കാന്‍ കോഹ്ലിക്കാകുമോ? ഈ ചോദ്യത്തിന്‌ ഉത്തരം പറയാന്‍ ഇന്ത്യക്ക്‌ ശേഷിക്കുന്നത്‌ മൂന്നു മത്സരങ്ങള്‍. അതില്‍ ആദ്യത്തേത്‌ ഇന്ന്‌ അരങ്ങേറും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറു മത്സര ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന്‌ വാണ്ടറേഴ്‌സില്‍ നടക്കും ഇന്ത്യന്‍ സമയം വൈകിട്ട്‌ 4:30 മുതലാണ്‌ മത്സരം. സോണി ടെന്‍ ഒന്ന്‌, രണ്ട്‌ എന്നിവയില്‍ തത്സമയം.

പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ 3-0ന്റെ നിര്‍ണായക ലീഡ്‌ നേടിയിട്ടുണ്ട്‌. ഒരു മത്സരം കൂടി ജയിക്കാനായാല്‍ ചരിത്രം കുറിക്കാനാകും. മറുവശത്ത്‌ ടെസ്‌റ്റ് പരമ്പര ജയത്തിനും ശേഷം അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിന്റെ ഞെട്ടലിലാണ്‌ ദക്ഷിണാഫ്രിക്ക.

പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ അവര്‍ക്ക്‌ ഇന്നു ജയം കൂടിയേ തീരൂ. പരുക്കും ഇന്ത്യയുടെ സ്‌പിന്‍ ബൗളിങ്ങഇനെ നേരിടുന്നതിലുള്ള പരിചയക്കുറവുമാണ്‌ ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയായത്‌. പരുക്കിനെതുടര്‍ന്ന്‌ ആദ്യ മൂന്നു മത്സരങ്ങള്‍ കളിക്കാതിരുന്ന എ.ബി. ഡിവില്ല്യേഴ്‌സ് തിരിച്ചെത്തിയത്‌ അവര്‍ക്കട്‌ ആത്മവിശ്വാസം പകരുന്നു.

എന്നാല്‍ നായകന്‍ ഫാഫ്‌ ഡുപ്ലിസിസിന്റെയും ക്വിന്റണ്‍ ഡി കോക്കിന്റെയും അഭാവം കനത്ത തിരിച്ചടിയാണ്‌.

മറുവശത്ത്‌ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്‌ ഇന്ത്യ. ബാറ്റിങ്‌-ബൗളിങ്‌ നിരയെല്ലാം മികച്ച ഫോമിലാണെന്നത്‌ ടീം ഇന്ത്യക്ക്‌ കരുത്തുപകരുന്നു. ആദ്യ മൂന്നു മത്സരങ്ങളിലും ടീമില്‍ മാറ്റം വരുത്താതിരുന്ന ഇന്ത്യക്ക്‌ ഇന്ന്‌ ഒരു മാറ്റം അനിവാര്യമാണ്‌. പരുക്കേറ്റ കേദാര്‍ ജാദവിനു പകരം മനീഷ്‌ പാണ്ഡെയോ ദിനേഷ്‌ കാര്‍ത്തിക്കോ ആദ്യ ഇലവനില്‍ എത്തും. രണ്ടു സ്‌പിന്നര്‍മാരും മൂന്നു പേസര്‍മാരുമായി ആകും ഇന്നും ഇന്ത്യ ഇറങ്ങുക. ആദ്യ മൂന്നു മത്സരങ്ങളിലും ആതിഥേയരെ നിഷ്‌പ്രഭമാക്കിയ ആധികാരിക പ്രകടനത്തിന്‌ ഇന്ത്യയെ സഹായിച്ചത്‌ സ്‌പിന്നര്‍മാരായിരുന്നു.

Leave A Reply

Your email address will not be published.