ഇന്ത്യന്‍ പുരാണം വായിച്ച് ഹിറ്റ്‌ലര്‍ ടൈം മെഷീന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു; ശ്രീരാമന്റെ അമ്പുംവില്ലും പോലെയുള്ള മിസൈല്‍ നിര്‍മ്മിക്കാനും ആലോചിച്ചു

0

ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്‌ലര്‍ ഇന്ത്യന്‍ പുരാണങ്ങള്‍ പഠിച്ചിരുന്നെന്നും അത് ഉപയോഗിച്ച് സമയത്തിലൂടെ സഞ്ചരിക്കുന്ന യന്ത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചിരുന്നതായും പറയുന്ന രാജസ്ഥാന്‍ വിദ്യാഭ്യാസവകുപ്പിന്റെ മാസികയിലെ ലേഖനം വിവാദമാകുന്നു. ഇന്ത്യന്‍ പുരാണങ്ങളെയും ഹിന്ദു ആത്മീയതയെയും മഹത്വവല്‍ക്കരിക്കുക ലക്ഷ്യമിട്ട് അടുത്തകാലത്തായി സംഘപരിവാര്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളിലെ ഏറ്റവും പുതിയ വിവാദം ഉയര്‍ത്തി വിട്ടിരിക്കുന്നത് ദീപക് ജോഷി എന്നയാളാണ്.

രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ശിവിര പത്രിക എന്ന മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ ‘പ്രാചീന്‍ ഭാരത് ഓര്‍ വിജ്ഞാന്‍’ എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തിലാണ് ഹിറ്റ്‌ലര്‍ പുരാണം ഉപയോഗിച്ച് കാലത്തിലേക്ക് സഞ്ചരിക്കാനുള്ള മെഷീന്‍ ഉണ്ടാക്കിയതായി പറഞ്ഞിരിക്കുന്നത്. നമ്മുടെ പൈതൃകങ്ങളെയും അറിവുകളെയും തമസ്‌ക്കരിക്കാന്‍ ശ്രമിച്ചിരുന്ന പ്രത്യയശാസ്ത്രക്കാര്‍ അവയെ വെറും ഫാന്റസിയായിട്ടാണ് വിലയിരുത്തിയതെന്നും നമ്മുടെ മാധ്യമങ്ങള്‍ തദ്ദേശീയ നേട്ടങ്ങളെ മുക്കാന്‍ വിദഗ്ദ്ധരാണെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ത്യന്‍ പുരാണങ്ങള്‍ ഐന്‍സ്റ്റീന്‍ പ്രകീര്‍ത്തിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്.

ശ്രീരാമന്റെ അമ്പുംവില്ലും ശൈലിയില്‍ വാര്‍ മിസൈലുകള്‍ ഉണ്ടാക്കാന്‍ സാധിക്കുമോ എന്നും ഹിറ്റ്‌ലര്‍ ചിന്തിച്ചിരുന്നു. ഹിറ്റ്‌ലറുടെ ചിഹ്നമായ സ്വസ്തിക ഇന്ത്യയില്‍ നിന്നും ജര്‍മ്മന്‍കാര്‍ അടിച്ചുമാറ്റിക്കൊണ്ടുപോയതാണെന്നും പറയുന്നുണ്ട്. തന്റെ ന്യായീകരണങ്ങള്‍ ശരിയാണെന്ന വാദിക്കാന്‍ പ്രാചീന ഇന്ത്യന്‍ പുസ്തകങ്ങള്‍ വായിച്ച ശേഷം ഹിറ്റ്‌ലര്‍ ടൈം മെഷീനും മിസൈലുകളും ഉണ്ടാക്കാനായി ആഗ്രഹിച്ചിരുന്നതായി നിരവധി പുസ്തകങ്ങളിലും വെബ്‌സൈറ്റുകളിലും താന്‍ വായിച്ചിട്ടുണ്ടെന്ന് ദീപക്‌ജോഷി പ്രതികരിക്കുന്നു. മാസിക വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്ത് വന്നിട്ടുണ്ട്. ലേഖനത്തിലേത് എഴുത്തുകാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് പ്രസാധകരുടെ നിലപാട്.

Leave A Reply

Your email address will not be published.