റഷ്യന്‍ വിമാനം ആകാശത്ത് പൊട്ടിത്തെറിച്ചു , 71 മരണം
മോസ്കോ: റഷ്യയില്‍ യാത്രാവിമാനം ആകാശത്തുവച്ചുണ്ടായ സ്ഫോടനത്തില്‍ തകര്‍ന്ന് 71 മരണം. ദോേമാദെവോ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന് 10 മിനിറ്റിനുശേഷമായിരുന്നു അപകടം. മോസ്കോയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ അര്‍ഗുനോവോ ഗ്രാമത്തിലാണു വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ 65 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. 71 പേരും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉറല്‍സ് നഗരത്തിലെ ഓസ്കിലേക്കു പറക്കുകയായിരുന്നു വിമാനം. ആകാശത്തു നിന്നു കത്തിയമര്‍ന്ന വിമാനം പതിക്കുന്നതു കണ്ടതായി അര്‍ഗുനോവോ ഗ്രാമവാസികള്‍ മാധ്യമങ്ങളെ അറിയിച്ചു. മഞ്ഞുനിറഞ്ഞ മേഖലയിലാണു വിമാനാവശിഷ്ടങ്ങള്‍ പതിച്ചത്. അപകട കാരണം വ്യക്തമല്ല.
പ്രാദേശിക സമയം രാവിലെ 11.22നാണു വിമാനം പറന്നുയര്‍ന്നത്. രണ്ട് മിനിറ്റിനുശേഷം റഡാറില്‍നിന്ന് അപ്രത്യക്ഷമായി. വിമാനം 6,200 അടി ഉയരത്തില്‍ നിന്നു പതിക്കുകയായിരുന്നു. ആറു കൊല്ലം പഴക്കമുള്ളതാണു വിമാനം. ആഭ്യന്തര വിമാന കമ്പനിയായ സറാതവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എ.എന്‍. 148 വിമാനമാണു തകര്‍ന്നു വീണത്. ഉക്രേനിയന്‍ കമ്പനിയാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍.
റഷ്യന്‍ പോസ്റ്റല്‍ സര്‍വീസിന്റെ ഹെലികോപറ്ററുമായി കൂട്ടിയിടിച്ചാണു വിമാനം തകര്‍ന്നതെന്നു ദ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ വാര്‍ത്ത റഷ്യ നിഷേധിച്ചു.
മോശം കാലാവസ്ഥയോ പൈലറ്റിന്റെ പിഴവോ ആകാം അപകട കാരണമെന്നു റഷ്യയിലെ ടാസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനിലയെന്നും റിപ്പോര്‍ട്ടിലുണ്ട്.