ഏഷ്യന്‍ ഗെയിംസ് സന്നാഹം : ചിത്രയ്ക്കും ജാബിറിനും സ്വര്‍ണം; രണ്ടാം ദിനം ഇന്ത്യ തിളങ്ങി
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി അതേ വേദിയില്‍ നടക്കുന്ന സന്നാഹ പോരാട്ടമായ ഏഷ്യന്‍ ഇന്‍വിറ്റേഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി മലയാളി താരങ്ങളായ പി.യു. ചിത്രയും എം.പി. ജാബിറും സ്വര്‍ണമണിഞ്ഞു.
മലയാളി താരങ്ങളുടെ കുതിപ്പില്‍ മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ നാലു സ്വര്‍ണവും ഒരു വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷ-വനിതാ 1500 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് ഇന്ത്യ ഒന്നാമതെത്തിയത്.
വനിതകളുടെ 1500 മീറ്ററില്‍ 4:18:74 മിനിറ്റില്‍ കുതിച്ചെത്തിയാണ് ചിത്ര പൊന്നണിഞ്ഞത്. എന്നാല്‍ ഏഷ്യന്‍ ഗെയിംസിന്റെ യോഗ്യതാ മാര്‍ക്ക് മറികടക്കാന്‍ ചിത്രയ്ക്കായില്ല. 4:16.88 മിനിറ്റാണ് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്ക്.
അടുത്തമാസം ആദ്യം പട്യാലയില്‍ നടക്കുന്ന ഫെഡറേഷന് കപ്പ് അത്ലറ്റിക്സില് ഇതു മറികടക്കാനാകുമെന്നാണ് ചിത്രയുടെ പ്രതീക്ഷ. പുരുഷവിഭാഗത്തില്‍ 3:43.85 മിനിറ്റില്‍ ഓടിയെത്തിയ അജയ് കുമാര്‍ സരോജാണ് സ്വര്‍ണം നേടിയത്.
പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 50.23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജാബിര്‍ സ്വര്‍ണമണിഞ്ഞത്. ഈയിനത്തില്‍ വെള്ളിയും ഇന്ത്യക്കാണ്.
50.38 സെക്കന്‍ഡില്‍ ടി. സന്തോഷ് കുമാറാണ് രണ്ടാമതെത്തിയത്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 59.08 സെക്കന്‍ഡില്‍ സരിത ഗെയ്ക്ക്വാദ് പൊന്നണിഞ്ഞു.