കഴുത്തറ്റം കടത്തില്‍ മുങ്ങിയ കെ.എസ്.ആര്.ടി.സിയില്‍ വെറുതേയിരുന്നു ശമ്പളം പറ്റുന്ന യൂണിയന് നേതാക്കളെ തൊടാനാകാതെ പുതിയ എം.ഡിയും.
തിരുവനന്തപുരം: കഴുത്തറ്റം കടത്തില്‍ മുങ്ങിയ കെ.എസ്.ആര്.ടി.സിയില്‍ വെറുതേയിരുന്നു ശമ്പളം പറ്റുന്ന യൂണിയന് നേതാക്കളെ തൊടാനാകാതെ പുതിയ എം.ഡിയും.
കണ്ടക്ടര്‍ തസ്തികയിലുള്ള എഴുപതിലേറെ ജീവനക്കാരാണ് അദര്‍ഡ്യൂട്ടിയുടെ പേരില്‍ ചീഫ് ഓഫീസ് ലാവണമാക്കിയിരിക്കുന്നത്.
ഇവരെ ഡ്യൂട്ടിക്ക് അയയ്ക്കാനുള്ള മാനേജിങ് ഡയറക്ടര്‍ എ. ഹേമചന്ദ്രന്റെ തീരുമാനത്തിന് അള്ളുവച്ചിരിക്കുകയാണ് ഇപ്പോള്‍ യൂണിയനുകള്‍. കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ സര്‍ക്കാര്‍ പെടാപ്പാടു പെടുമ്പോഴാണു ചിലര്‍ യൂണിയന് പ്രവര്‍ത്തനത്തിനായി മാത്രം ചീഫ് ഓഫീസില്‍ ചേക്കേറിയത്.
ലൈന്‍ ഡ്യൂട്ടിക്കു പോകാന്‍ ആവശ്യത്തിനു കണ്ടക്ടര്മാരില്ലെങ്കിലും മെയ്യനങ്ങി ശമ്പളം വാങ്ങാന്‍ ഇവര്‍ തയാറല്ല.
ഇതിനെതിരേ മറ്റു ജീവനക്കാര്‍തന്നെ മുന്‍ എം.ഡിമാര്ക്കു പരാതി നല്‍കിയിരുന്നു. ഗുരുതരപ്രതിസന്ധിയില്‍ കോര്പറേഷന് നട്ടംതിരിയുമ്പോഴാണ് എം.ഡി: ഹേമചന്ദ്രന് ഇവരോടു ജോലിചെയ്യാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു യൂണിയനുകള്‍ എം.ഡിക്കു കത്ത് നല്‍കിയിരിക്കുകയാണ്.
സി.പി.എം, സി.പി.ഐ. സമ്മേളനങ്ങള്‍ക്കു പിന്നാലെയാണിപ്പോള്‍ ഇരു പാര്‍ട്ടികളുടെയും അനുഭാവികളായ യൂണിയന് നേതാക്കള്‍. സൂപ്പര്‍വൈസറി തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ ജോലിക്കു ഹാജരാകാത്തതിനാല്‍ പല ഡിപ്പോകളുടെയുടെയും താളംതെറ്റി. പലരും ഒപ്പിട്ടശേഷം സമ്മേളനസ്ഥലങ്ങളിലേക്കു മുങ്ങുകയാണ്. ഇതോടെ ഷെഡ്യൂളുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുന്നു.
സൂപ്പര്‍വൈസറി തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ സ്വന്തം യൂണിയനുകളില്പ്പെട്ടവര്ക്കു ജോലിയില്‍ ഇളവനുവദിക്കുന്നതും മറ്റുള്ളവരെ വലയ്ക്കുന്നു.
സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്കു യൂണിയന് പ്രവര്‍ത്തനം അനുവദിക്കരുതെന്ന നിര്‍ദേശമാകട്ടെ മാനേജ്മെന്റ് കണ്ടില്ലെന്നു നടിക്കുന്നു.