അഭയം നല്കിയ ബ്രിട്ടനിലും വിജയ് മല്യ തട്ടിപ്പു വീരന്: തിരികെ വന്‍പണി നല്കി ബ്രിട്ടീഷ് ഹൈക്കോടതി
ലണ്ടന്‍: ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിയമനടപടി നേരിടുന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യ ഒളിച്ചുകഴിയുന്ന ബ്രിട്ടനിലും സാമ്പത്തിക തട്ടിപ്പ് നടത്തി. വിമാനം വാങ്ങിയ വകയില്‍ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഒസി ഏവിയേഷനും വിജയ് മല്യയുടെ കിംഗ്ഫിഷറും തമ്മിലുളള കേസിലാണ് വിധി വന്നത്.
90 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാനാണ് ലണ്ടനിലെ ഹൈക്കോടതി വിധിച്ചത്. ഏതാണ്ട് 578.39 കോടി ഇന്ത്യന്‍ രൂപ വരുമിത്. 9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ പിടിയിലാവാതിരിക്കാന്‍ ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയ്ക്ക് എതിരെ മാര്‍ച്ച് 16 ന് വിചാരണ നടക്കാനിരിക്കെയാണ് പുതിയ കേസില്‍ വിധി വന്നിരിക്കുന്നത്.
സിംഗപ്പൂര്‍ ആസ്ഥാനമായ ബിഒസി ഏവിയേഷനുമായി നാല് വിമാനങ്ങളുടെ കരാറാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഒപ്പുവച്ചത്. ഇതില്‍ മൂന്ന് വിമാനങ്ങള്‍ വാങ്ങിയെങ്കിലും കിംഗ്ഫിഷര്‍ കമ്പനി പണം നല്‍കിയില്ല. ഇതോടെ നാലാമത്തെ വിമാനം നല്‍കാതെ ബിഒസി കരാറില്‍ നിന്ന് പിന്‍വാങ്ങി. പിന്നാലെ നിയമനടപടിയും സ്വീകരിച്ചു