കാണാതായ ബാലന്‍റെ മൃതദേഹം അയല്‍ക്കാരന്‍റെ സ്യൂട്ട്‌കേസില്‍

0

ന്യൂഡല്‍ഹി: ഒരുമാസം മുമ്പു കാണാതായ ഏഴുവയസുകാരന്‍റെ മൃതദേഹം പഴയ വാടകക്കാരനായ യുവാവിന്‍റെ വീട്ടിലെ സ്യൂട്ട്‌കേസില്‍നിന്നു പോലീസ്‌ കണ്ടെടുത്തു. സ്വരൂപ്‌ നഗറിലാണു തലസ്‌ഥാനത്തെ നടുക്കിയ സംഭവം. ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിയായ ആശിഷിന്‍റെ മൃതദേഹമാണു സ്യൂട്ട്‌കേസിലാക്കി കിടപ്പുമുറിയിലെ പെട്ടിയില്‍ സൂക്ഷിച്ചത്‌. സംഭവത്തില്‍ യു.പി.എസ്‌.സി. ഉദ്യോഗാര്‍ഥി അവദേശ്‌ സക്യയെ അറസ്‌റ്റ്‌ചെയ്‌തു.

കഴിഞ്ഞമാസം ഏഴു മുതലായിരുന്നു ബാലനെ കാണാതായത്‌. മൂന്നുവട്ടം യു.പി.എസ്‌.സി. പരീക്ഷ ഏഴുതിത്തോറ്റ പ്രതി അഞ്ചുവര്‍ഷം മുമ്പു വരെ കുട്ടിയുടെ വീട്ടിലായിരുന്നു വാടകയ്‌ക്കു താമസിച്ചിരുന്നത്‌. പിന്നീട്‌ മറ്റൊരു വീട്ടിലേക്കു താമസം മാറ്റി. സ്വഭാവം പിടിക്കാത്തിനാല്‍ കുട്ടിയെ ഇയാളുടെ വീട്ടിലേക്ക്‌ അയയ്‌ക്കാന്‍ മാതാപിതാക്കള്‍ക്ക്‌ ഇഷ്‌ടമില്ലായിരുന്നു. തന്നെ അങ്കിളെന്നു വിളിച്ചിരുന്ന ആശിഷിനെ തന്‍റെ വീട്ടിലേക്കു വിടാത്തതില്‍ ഇയാള്‍ക്കു വൈരാഗ്യമായി. അതിനാല്‍, സൈക്കിള്‍ വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു സംഭവദിവസം കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്നു ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. തെരുവില്‍ സുരക്ഷാ ക്യാമറകള്‍ ഉള്ളതിനാല്‍ മൃതദേഹം പുറത്തു കൊണ്ടുപോയി കളയാന്‍ മടിക്കുകയായിരുന്നു. അയല്‍വാസികള്‍ക്കു സംശയമുണ്ടാകാതിരിക്കാന്‍ ഏതാനും എലികളെ കൊന്നു. ദുര്‍ഗന്ധം എലികളുടേതാണെന്നു ബോധ്യപ്പെടുത്താനായിരുന്നു ഇത്‌.

കൃത്യത്തിനുശേഷം യാതാരു ഭാവഭേദവുമില്ലാതെ കുട്ടിയെ കാണാതായതിനെക്കുറിച്ചു സ്വരൂപ്‌ നഗര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി കൊടുക്കാന്‍ സക്യയും മാതാപിതാക്കള്‍ക്കൊപ്പം പോയി. ഇയാളുടെയും മൊഴിയെടുത്തിരുന്നു. സംഭവത്തിനുശേഷം കുട്ടിയുടെ വീട്ടില്‍ പ്രതി പതിവായി പോകാറുണ്ടായിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങളായി അകലംപാലിച്ചു.

ഇതോടെ, മാതാപിതാക്കള്‍ക്കു സംശയമായി. തുടര്‍ന്നു വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീടു പിടിച്ചുനില്‍ക്കാനായില്ല. കുട്ടിയുടെ പേരില്‍ മാതാപിതാക്കളില്‍നിന്നു മോചനദ്രവ്യം വാങ്ങാന്‍ പ്രതി ആലോചിച്ചിരുന്നതായും ഡെപ്യൂട്ടി പോലീസ്‌ കമ്മിഷണര്‍ അസ്ലം ഖാന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.