ഇ-വേ ബില്‍: ജി.എസ്.ടി. വരുമാനം പ്രതിമാസം ലക്ഷം കോടിയാകും
ന്യൂഡല്‍ഹി: ഇ-വേ ബില്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പാക്കുന്നതോടെ അടുത്ത സാമ്പത്തിക വര്‍ഷം ചരക്കു-സേവന നികുതി വരുമാനം പ്രതിമാസം ഒരു ലക്ഷം കോടി രൂപ കവിയുമെന്നു റിപ്പോര്‍ട്ട്. ഇ-വേ ബില്‍ സംവിധാനത്തിനൊപ്പം നികുതി വിവരക്കണക്കിന്റെ താരതമ്യംകൂടി നടപ്പാക്കുന്നതോടെ റവന്യൂ വരുമാനത്തില്‍ വര്‍ധനയുണ്ടാകുമെന്നാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ജി.എസ്.ടി. റിട്ടേണ്‍ ഫയലിങ് പൂര്‍ത്തിയാകുന്നതോടെ നികുതി വിവരക്കണക്കിന്റെ താരതമ്യം എളുപ്പമാകും.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ മുതല്‍ ഫെബ്രുവരി വരെയുള്ള വരുമാനം 4.44 ലക്ഷം കോടി രൂപയാണ്. മാര്‍ച്ചിലെ കണക്കുകള്‍കൂടി ഉള്‍പ്പെടുത്തി അടുത്ത സാമ്പത്തിക വര്‍ഷമാദ്യം ജി.എസ്.ടി. വരുമാനം 7.44 ലക്ഷം കോടി രൂപയാകുമെന്നു ധനകാര്യ വകുപ്പ് കണക്കുകൂട്ടുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ജി.എസ്.ടി. നടപ്പാക്കിയതിനുശേഷമുള്ള ആദ്യമാസ വരുമാനം 95,000 കോടി രൂപയിലേറെയായിരുന്നു. എന്നാല്‍, ഓഗസ്റ്റില്‍ ഇത് 91,000 കോടി രൂപയായി കുറഞ്ഞു. സെപ്റ്റംബറില്‍ 92,150 കോടി രൂപയായി ജി.എസ്.ടി. വരുമാനം വര്‍ധിച്ചെങ്കിലും ഒക്ടോബറില്‍ 83,000 കോടിയായി കുറഞ്ഞു. നവംബറില്‍ 80,808 കോടി, ഡിസംബറില്‍ 86,703 കോടി രൂപ എന്നിങ്ങനെയാണു നികുതി വരുമാനം. 98 ലക്ഷം ബിസിനസ് രജിസ്ട്രേഷനുകള്‍ ജി.എസ്.ടിയിലുണ്ടായതായാണു 2017 ഡിസംബര്‍ വരെയുള്ള കണക്ക്.