അലസത മാറ്റൂ… വയറുകുറയ്ക്കാം

0

തടി കൂടുന്നതും വയറു ചാടുന്നതും പലരെയും അലട്ടുന്ന പ്രശ്‌നമാണ്. മെലിഞ്ഞ ശരീരവും ആലിലവയറും ആധുനിക യുഗത്തിന്റെ ഫാഷനായി മാറിയതോടെ വണ്ണം കുറയ്ക്കാനുളള നൂതന മാര്‍ഗ്ഗങ്ങള്‍ തേടി ഓരോരുത്തരും നെട്ടോട്ടമോടുകയാണ്. അമിതമായ ഭക്ഷണവും വ്യായാമത്തിന്റെ അഭാവവുമാണു വയറുചാടാനുളള മുഖ്യകാരണം.

വയറിലെ പേശികളുടെ ദൃഢത വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതിനോടൊപ്പം ഭക്ഷണകാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഇതു തടയാനാവും. അമിതമായെത്തുന്ന ഗ്ലൂക്കോസ് കൊഴുപ്പാക്കി ശരീരത്തില്‍ സംഭരിക്കപ്പെടുന്നു.

കുടലില്‍ ഒമെന്റം എന്ന ഭാഗത്ത് ഇവ അടിഞ്ഞു കൂടുന്നു. ഇതാണ് വയറുചാടുന്നതിനുളള പ്രധാന കാരണം. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ വയറുണ്ടാകാനുളള സാധ്യത കൂടുതലാണ്.

ചിലരില്‍ വയറിലെ മസിലുകളുടെ അമിതമായ അയവ് മൂലവും കുടവയറുണ്ടാകും. അസുഖങ്ങള്‍ കാരണവും വയറുണ്ടാകാം. വയര്‍ മാത്രമാണ് കൂടുതലെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.

ലിവര്‍ സിറോസിസ് പോലുളള അസുഖമുളളവരില്‍ ഇങ്ങനെ കാണാറുണ്ട്. കുടവയറുളളവര്‍ക്കു ടൈപ്പ് 2 ഡയബറ്റീസ്, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാവാനുളള സാധ്യത കൂടുമെന്ന് മറക്കേണ്ട.

ജീവിതശൈലി മാറ്റൂ…

മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പായാല്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുകയാണ് ചെയ്യേണ്ടത്. ദിവസവും കുറഞ്ഞത് നാല്‍പ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം. വയറിലെ പേശികളുടെ ദൃഢത വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതിനോടൊപ്പം ഭക്ഷണകാര്യത്തിലും നിയന്ത്രണം എര്‍പ്പെടുത്തിയാല്‍ ഇതു തടയാനാവും.

വ്യായാമം ചെയ്യുമ്പോള്‍

വയറിന്റെ മസിലുകള്‍ക്ക് എത്രമാത്രം വ്യായാമം കൊടുക്കുന്നു എന്നതാണു പ്രധാനം. അബ്‌ഡൊമിനല്‍ മസിലിനെ കരുത്തുളളതാക്കുന്ന വ്യായാമങ്ങളാണു വേണ്ടത്.

നടത്തം പോലെയുളള വ്യായാമങ്ങള്‍ വയറിന്റെ മസിലുകള്‍ക്കു ചെറിയ തോതില്‍ മാത്രമേ പ്രയോജനം നല്‍കൂ. നീന്തലാണ് ഏറ്റവും നല്ല വ്യായാമം. സൈക്ലിങ്, ജോഗിങ് എന്നീ എക്‌സര്‍സൈസുകളും വയറിന് നല്ല വ്യായാമം നല്‍കും.

ഏതു വ്യായാമം ചെയ്യുമ്പോഴും 5 മിനിറ്റ് കഴിഞ്ഞ് ക്ഷീണം തോന്നിയാല്‍ നിര്‍ത്തുക. ഒറ്റത്തവണ മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക.

1. മലര്‍ന്നുകിടന്ന് തല മുതല്‍ നെഞ്ച് വരെയുളള ഭാഗം ഉയര്‍ത്താന്‍ ശ്രമിക്കുക. ഒപ്പം രണ്ടു കാലും ഒരുമിച്ചു പൊക്കിപ്പിടിക്കുക. ആദ്യം ചെയ്യുന്നവര്‍ ഒരു കാല്‍ മാത്രം പൊക്കിപ്പിടിച്ചാല്‍ മതി. കൈയുടെ സഹായമില്ലാതെ വേണം ഇതു ചെയ്യേണ്ടത്. പറ്റുന്നത്ര നേരം ഈ നില തുടരുക. രണ്ടു കാലും ഉയര്‍ത്തുമ്പോള്‍ വയറിലെ പേശികള്‍ മുറുകുന്നത് അറിയാനാവും. പതിവായി ചെയ്യുന്നതു വയര്‍ കുറയാന്‍ സഹായിക്കും.

2. മലര്‍ന്നു കിടന്ന് കാല്‍മുട്ട് മടക്കി പാദങ്ങള്‍ നിലത്ത് അമര്‍ത്തുക. നട്ടെല്ലിന്റെ വളവുളള ഭാഗത്തു തലയണയോ ഷീറ്റ് മടക്കിയതോ വയ്ക്കുക. ശ്വാസം പിടിച്ചു വയര്‍ പരമാവധി ഉളളിലേക്കു വലിച്ചു പിടിക്കുക. പത്തു സെക്കന്‍ഡിനുശേഷം ശ്വാസം വിടുക. ഇരുപതു മിനിറ്റ് നേരം ചെയ്യണം.

3. കിടന്നുകൊണ്ട് കാല്‍ മടക്കാതെ എഴുന്നേറ്റിരുന്നു കാല്‍ വിരല്‍ത്തുമ്പില്‍ പിടിക്കാന്‍ ശ്രമിക്കുക.

4. കിടന്നുകൊണ്ട് പാദം തറയില്‍ ഉറപ്പിച്ചതിനുശേഷം സാവധാനം എഴുന്നേല്‍ക്കുക.

ഭക്ഷണ നിയന്ത്രണം

വണ്ണം കുറയ്ക്കാന്‍ വേണ്ടി ഒന്നോ രണ്ടോ നേരം ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഇതു തെറ്റായ പ്രവണതയാണ്. ഒരിക്കലും വിശന്നിരിക്കരുത്. ഭക്ഷണം കഴിക്കുന്നതില്‍ വലിയ ഇടവേള വന്നാല്‍ ശരീരത്തിലെത്തുന്ന കലോറി ചെലവാകാതിരിക്കാന്‍ ശരീരം ശ്രമിക്കും. പകരം കലോറി കുറവുളള തണ്ണിമത്തന്‍, പപ്പായ തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക.

1 തവിടുളള അരി കൂടുതലായി കഴിക്കുന്നതാണ് ഉത്തമം. വെളള അരി പരമാവധി ഒഴിവാക്കുക. ബ്രൗണ്‍ അരിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.

2 പഞ്ചസാര അടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കണം. പഞ്ചസാര അമിതമായി കഴിക്കുന്നത് വയറിന്റെ അടിഭാഗം കൂടുതലായി ചാടാന്‍ ഇടയാക്കും. സോഫ്റ്റ് ഡ്രിങ്ക്‌സില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ബേക്കറി പലഹാരങ്ങളും ഉപ്പിന്റെ ഉപയോഗവും പരമാവധി കുറയ്ക്കണം.

4 ദിവസവും അഞ്ചോ ആറോ നട്‌സ് കഴിക്കണം. ഇതിലടങ്ങിയിട്ടുളള പോഷകങ്ങള്‍ ശരീരത്തിനു ഗുണകരമാണ്.

5 പോഷകപ്രദമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒരു ദിവസത്തേക്ക് ആവശ്യമുളള എനര്‍ജി കിട്ടാനും പിന്നീടുളള സമയത്ത് അമിതമായി ഭക്ഷണം കഴിക്കാനുളള പ്രവണത കുറയ്ക്കാനും സഹായിക്കും.

6 പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം. പയര്‍ പരിപ്പ്, തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിക്കുന്നതാണു ഉത്തമം. പാല്‍, മുട്ടയുടെ വെളള, മീന്‍ ഇവ ആവശ്യമായ പ്രോട്ടീന്‍ നല്‍കും.

Leave A Reply

Your email address will not be published.