മാണിയെ കുടുക്കാന്‍ കോടിയേരി നിര്‍ദേശിച്ചു,സി.പി.എം. ചതിച്ചെന്ന് ബിജു രമേശ്

0

കോട്ടയം: ബാര്‍ക്കോഴ കേസില്‍ കെ.എം. മാണിയെ കുടുക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമീപിച്ചെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളേറെ. കോണ്‍ഗ്രസിനെതിരേ മാണി ഗ്രൂപ്പ് ഉന്നയിച്ച അതേ ആരോപണങ്ങള്‍ക്ക് സി.പി.എമ്മും മറുപടി പറയേണ്ടിവരും.

കേസിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് ആരോപിച്ചാണ് കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ്. ബന്ധം വിട്ട് ഒറ്റയ്ക്കു നില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലോടെ, മാണിയെ കുടുക്കാന്‍ കോടിയേരി ബാലകൃഷ്ണനും മനഃപൂര്‍വം ശ്രമിച്ചോയെന്നു സി.പി.എമ്മിനു വിശദീകരിക്കേണ്ടിവരും.

ബാര്‍ക്കോഴ കേസ് ഒത്തുതീര്‍ക്കുന്നുവെന്ന ആരോപണത്തിനും മറുപടി നല്‍കണം. അതല്ലെങ്കില്‍ ബിജു രമേശിനെ തളളിപ്പറയാന്‍ സി.പി.എം. തയാറാകണം. അങ്ങനെവന്നാല്‍ പാറ്റൂര്‍ കേസിന്റെ ഗതി തന്നെയാകും ബാര്‍ക്കോഴ കേസിനും. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇതു രാഷ്ട്രീയ തിരിച്ചടിക്കു കാരണമാകും.

പൂട്ടിയ ബാറുകള്‍ തുറന്നുനല്‍കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ഉറപ്പുനല്‍കിയെന്നാണു ബിജു രമേശിന്റെ ആരോപണം. വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും കണ്ടിരുന്നുവെന്നും ബിജു രമേശ് തുറന്നടിച്ചു. സി.പി.ഐയുടെ എതിര്‍പ്പ് അവഗണിച്ചും മാണി ഗ്രൂപ്പിനെ എല്‍.ഡി.എഫിലെടുക്കുന്നതിനുളള ചര്‍ച്ചകള്‍ സി.പി.എമ്മില്‍ അനൗദ്യോഗികമായി നടക്കുന്ന ഘട്ടത്തിലാണിതെന്നതും ശ്രദ്ധേയം.

ഭരണത്തിലെത്തിയാല്‍ ബാറുകള്‍ തുറന്നുതരാമെന്നു വാഗ്ദാനം നല്‍കിയ സി.പി.എം വഞ്ചിച്ചെന്നു ബാറുടമ ബിജു രമേശ്. ബാര്‍ക്കോഴ കേസുമായി മുന്നോട്ടുപോകാനും തെളിയിക്കാനുമാണു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്.

ബാറുകള്‍ തുറന്നുതരാമെന്ന ഉറപ്പും നല്‍കി. തെരഞ്ഞെടുപ്പ് സമയത്തുള്‍പ്പെടെ അകമഴിഞ്ഞു സഹായിച്ചിട്ടും സി.പി.എം. വഞ്ചിച്ചെന്നും മാണിയുമായി ബന്ധമുണ്ടാക്കാനുള്ള നീക്കത്തിലാണവരെന്നും ബിജു രമേശ് കുറ്റപ്പെടുത്തുന്നു.കോടിയേരി ഉള്‍പ്പെടെയുള്ളവരുടെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ബാര്‍ക്കോഴക്കേസ് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചു.

ചിലര്‍ ബിസിനസ് നേട്ടത്തിന്റെ പേരില്‍ പിന്മാറി. മറ്റുചിലര്‍ ആനുകൂല്യം പറ്റി മാറി. യു.ഡി.എഫില്‍നിന്ന് ആനുകൂല്യം പറ്റിയവര്‍ ഇപ്പോള്‍ ഇടതുസര്‍ക്കാരില്‍നിന്നും ആനുകൂല്യം പറ്റുന്നതു കാണുമ്പോള്‍ സങ്കടം തോന്നുന്നു. ബാറു പൂട്ടുക തങ്ങളുടെ അജണ്ടയല്ലെന്നായിരുന്നു സി.പി.എം. നിലപാട്.

പാര്‍ട്ടി സെക്രട്ടറിക്കു പുറമേ മറ്റു പല നേതാക്കളും ബാര്‍ തുറന്നുതരാമെന്ന് ഉറപ്പുനല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ ബാറുടമകള്‍ മാത്രമല്ല, ബാര്‍ ജീവനക്കാരും ബാറുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരുമൊക്കെ ഇടതുമുന്നണിക്കുവേണ്ടി പ്രവര്‍ത്തിച്ചു. സി.പി.എം. വാഗ്ദാനത്തെക്കുറിച്ചു 400 ബാറുടമകളോടു പറഞ്ഞിരുന്നു.

ഇപ്പോള്‍ അവര്‍ തന്നോടാണു ചോദിക്കുന്നത്. കഞ്ഞിയില്‍ മണ്ണുവാരിയിട്ട യു.ഡി.എഫുകാരൊട്ട് സഹായം തേടി വന്നില്ലെന്നും ബിജു രമേശ്. ബാര്‍ക്കോഴ കേസില്‍ ഒത്തുതീര്‍പ്പു നീക്കമുണ്ടെന്നു സംശയിക്കണം.

അതുകൊണ്ടാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടും അദ്ദേഹത്തെ അവഗണിച്ചു പ്രോസിക്യൂട്ടര്‍ രംഗത്തെത്തിയത്. കേസ് തീരുംവരെ മാണി ഇടതുമുന്നണിയുമായി സഹകരിച്ചുനില്‍ക്കും. അതുകഴിഞ്ഞാല്‍ ബി.ജെ.പിയിലേക്കു പോകും. അങ്ങനെ മകനെ അടുത്തതവണ മന്ത്രിയാക്കാമെന്നാണ് മാണിയുടെ കണക്കുകൂട്ടലെന്നും ബിജു രമേശ് പറഞ്ഞു.

Leave A Reply

Your email address will not be published.