നിബന്ധനകളില്ലാതെ ഉത്തര കൊറിയയുമായി ചര്‍ച്ചയ്‌ക്കു തയാറെന്ന്‌ അമേരിക്ക

0

വാഷിങ്‌ടണ്‍: നിബന്ധനകളില്ലാതെ ഉത്തര കൊറിയയുമായി സംസാരിക്കാന്‍ അമേരിക്ക തയാറാണെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെന്‍സ്‌. ഇരുകൊറിയകളും തമ്മില്‍ ശീതകാല ഒളിമ്പിക്‌സിന്റെ പശ്‌ചാത്തലത്തിലുണ്ടായ അനുകൂല നിലപാടുകള്‍ പരിഗണിച്ചാണ്‌ അമേരിക്കന്‍ നയത്തിലുണ്ടായ നേരിയ മാറ്റം.

എന്നാല്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്‍ ആഗ്രഹിക്കാത്ത പക്ഷം അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള നയതന്ത്രബന്ധം സാധ്യമാകില്ലെന്നും പെന്‍സ്‌ പറഞ്ഞു. ഇതേവരെ ഒരു വിദേശരാഷ്‌ട്രത്തലവനുമായി കൂടിക്കാഴ്‌ച നടത്തിയിട്ടില്ലാത്ത കിം ജോങ്‌ ഉന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഉച്ചകോടിക്കു ക്ഷണിച്ചിട്ടുണ്ട്‌. ഇപ്പോള്‍ തുറന്ന അനുരഞ്‌ജനത്തിന്റെ വാതില്‍ അടയാതെ മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പര്യമുണ്ടെന്ന ഉന്നിന്റെ പ്രതികരണം മഞ്ഞുരുകുന്നതിന്റെ ലക്ഷണമായാണു വിലയിരുത്തപ്പെടുന്നത്‌.

എന്നാല്‍ അമേരിക്കയുമായി ചര്‍ച്ച നടത്തുന്നതിനെക്കുറിച്ച്‌ മനസു തുറന്നിട്ടുമില്ല. ഡോണള്‍ഡ്‌ ട്രംപ്‌ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ മുതല്‍ നയതന്ത്രബന്ധങ്ങള്‍ക്ക്‌ ഒരു പിന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നുവെങ്കിലും ഉത്തര കൊറിയയില്‍ തടവിലായ അമേരിക്കന്‍ പൗരന്മാരുടെ അവസ്‌ഥയെക്കുറിച്ചു മാത്രമാണ്‌ കാര്യമായ ചര്‍ച്ച നടന്നത്‌.

Leave A Reply

Your email address will not be published.