ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; പരാതി നിഷേധിച്ച് സി.ബി.എസ്.ഇ

0

ന്യൂഡല്‍ഹി : സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയുടെ അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച്‌ സിബിഎസ്‌ഇ. വ്യാഴാഴ്ചത്തെ പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ബുധനാഴ്ച വൈകിട്ടുമുതല്‍ വാട്സാപ്പിലൂടെ പ്രചരിച്ചത്. അക്കൗണ്ടന്‍സി പരീക്ഷയുടെ രണ്ടാംസെറ്റ് ചോദ്യപേപ്പറുമായി സാമ്യമുള്ളതാണ് പ്രചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ചോദ്യപേപ്പറുകള്‍ ഭദ്രമാണെന്ന് സിബിഎസ്‌ഇ അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള കുത്സിതശ്രമമാണ് സാമൂഹ്യമാധ്യമങ്ങള്‍വഴി ചിലര്‍ നടത്തിയത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയക്ക് പരാതി കിട്ടിയിരുന്നു. സിബിഎസ്‌ഇയെയും വിദ്യാഭ്യാസ സെക്രട്ടറിയെയും മന്ത്രി വിവരം അറിയിച്ചതോടെയായിരുന്നു അന്വേഷണം. ഇതിലാണ് പ്രചരിക്കുന്ന ചോദ്യപേപ്പറിന് രണ്ടാംസെറ്റ് ചോദ്യപേപ്പറുമായി സാമ്യമുള്ളതായി കണ്ടെത്തിയത്. രോഹിണി മേഖലയില്‍നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നും ബുധനാഴ്ച വൈകിട്ടുമുതല്‍ ഡല്‍ഹിയില്‍ ഇത് പ്രചരിച്ചെന്നുമാണ് പരാതി.
സിബിഎസ്‌ഇയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി കൈക്കൊള്ളുമെന്ന് മാനവവിഭവശേഷിമന്ത്രാലയം അറിയിച്ചു. ചോദ്യപേപ്പര്‍ വിദ്യാര്‍ഥികള്‍ക്കോ പുറത്തുനിന്നുള്ളവര്‍ക്കോ ചോര്‍ത്താനാകില്ല. അകത്തുള്ളവര്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി സിബിഎസ്‌ഇ വൃത്തങ്ങള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.