ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക്. ഇന്ന് മുതല്‍ ഒരു രോഗിയേയും അഡ്മിറ്റ് ചെയ്യില്ലെന്ന് കെജിഎംഒ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിക്കുമെന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരാണ് സമരം നടത്തുന്നത്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആകുമ്ബോള്‍ ഒപി സമയം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതു പ്രാബല്യത്തിലാകുന്നതോടെ ഉച്ച വരെയുള്ള ഒപി വൈകുന്നേരം വരെ നീളും. ഇതാണ് പ്രധാനമായും ഡോക്ടര്‍മാരെ ചൊടിപ്പിച്ചത്. സ്വകാര്യ പ്രാക്ടീസിന് അടക്കം ഈ നീക്കം തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയാണ് സമരത്തിന് ഇറങ്ങാന്‍ കെജിഎംഒ തീരുമാനിച്ചത്.അതെ സമയം കിടത്തി ചികിത്സയില്‍ ഉള്ളവരെ തല്‍കാലം സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് രംഗത്ത് എത്തി. ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും മാറി നില്‍ക്കുന്നത് നിയമവിരുദ്ധമമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇത്തരം ഡോക്ടര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ് ആണ് ഇതുസംബന്ധിച്ച മൂന്ന് നിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്ബളം നല്‍കില്ല. വിട്ടുനില്‍ക്കുന്ന ദിവസങ്ങളെ അനധികൃത അവധിയായി കണക്കാക്കുമെന്നും ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ പറയുന്നു.

Comments are closed.