ഉത്തര കൊറിയയുടെ ആണവ പരീക്ഷണശാല അടച്ചുപൂട്ടുന്നു

സോള്‍: ഉത്തര കൊറിയയുടെ ആണവ പരീക്ഷണശാല അടച്ചുപൂട്ടുമെന്ന് അവരുടെ നേതാവ് കിം ജോംഗ് ഉന്‍ ഉറപ്പു തന്നതായി ദക്ഷിണകൊറിയ. ദക്ഷിണ കൊറിയ, യു എസ് എന്നിവിടങ്ങളിലെ വിദഗ്ദ്ധര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അടച്ചുപൂട്ടല്‍ ചടങ്ങിനു സാക്ഷിയാകാമെന്നും ഉത്തര കൊറിയ ഉറപ്പുകൊടുത്തതായി ദക്ഷിണ കൊറിയന്‍ വക്താവ് പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയുമായി നടത്തിയ ഉച്ചകോടിയിലാണ് ഈ ധാരണ എത്തിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതേസമയം, ഈ വാര്‍ത്തയോട് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഉത്തര കൊറിയയുടെ ആണവ ശേഖരമാണ് അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങളെ മുള്‍മുനയില്‍ നിറുത്തുന്നത്. ചൈനയുടെ പിന്തുണയോടെ നേടിയെടുത്ത ആണവ ശേഖരം ആര്‍ക്കു നേരേയും പ്രയോഗിക്കാന്‍ ഭ്രാന്തന്‍ ഭരണാധികാരിയെന്നു വിളിക്കപ്പെടുന്ന കിം ജോംഗ് ഉന്‍ മടിക്കില്ലെന്നതാണ് ലോക രാജ്യങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിറുത്തുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആണവ പരീക്ഷണ ശാല പൂട്ടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതേസമയം, കൊറിയന്‍ മുനമ്ബ് പൂര്‍ണമായും ആണവമുക്തമാക്കുക എന്ന ലക്ഷ്യം നേടിയെടുക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്ന് ഉത്തരകൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ തുടങ്ങിയവര്‍ ഉച്ചകോടിയെ സ്വാഗതം ചെയ്തു. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്നും മെയ് അവസാനമോ ജൂണ്‍ ആദ്യമോ അതു നടക്കുമെന്നും ട്രംപ് പറഞ്ഞു.

Comments are closed.