റയല്‍ മാഡ്രിഡ് ചാമ്ബ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ കടന്നു

മാഡ്രിഡ്: റയല്‍ മാഡ്രിഡ് ചാമ്ബ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ കടന്നു. ആദ്യ പാദത്തിലെ 2-1ന്‍റെ ലീഡ് നേടിയ റയല്‍ ഇരുപാദങ്ങളിലുമായി 4-3ന് വിജയിച്ചാണ് ഫൈനലിലെത്തിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബയറണ്‍ തങ്ങളുടെ നയം വ്യക്തമാക്കി. ജോഷ്വ കിമ്മിച്ചിലൂടെ ബയറണ്‍ മുന്നിലെത്തി. ആദ്യ പാദത്തില്‍ കിമ്മിച്ച്‌ നേടിയ ഗോളിന്‍റെ തുടര്‍ച്ചയായിരുന്നു അത്. ഒപ്പം ചാമ്ബ്യന്‍സ് ലീഗ് ഈ സീസണില്‍ കിമ്മിച്ചിന്റെ നാലാം ഗോളും. എന്നാല്‍ ബയറണിന്‍റെ ആഹ്ലാദത്തിന് 11-ാം മിനിറ്റ് വരെയേ ആയുസുണ്ടായിരുന്നുള്ളു. മാഴ്‌സെലോയുടെ ഇടതു വിങ്ങില്‍ നിന്നുള്ള ക്രോസില്‍ ബെന്‍സിമയുടെ ഹെഡ്ഡര്‍.
പിന്നീട് ഇരുഗോള്‍മുഖത്തും നിരന്തരം ആക്രമണങ്ങള്‍. കൂടുതലും റയലിന്‍റെ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കിയായിരുന്നു. എന്നാല്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് പലപ്പോഴും റയലിന്‍റെ രക്ഷകനായി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബയറണ്‍ ഗോള്‍കീപ്പര്‍ക്ക് ഒരു പിഴവ് സംഭവിച്ചു. ഒരു ബാക്ക് പാസ് എങ്ങനെ ക്ലിയര്‍ ചെയ്യണമെന്ന് സംശയിച്ചു നിന്ന ഗോള്‍കീപ്പര്‍ ഉള്‍രെകിനെ കാഴ്ച്ചക്കാരനാക്കി ബെന്‍സിമ വീണ്ടും വല ചലിപ്പിച്ചു. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ചുമതലയെ ബെന്‍സിമയ്ക്കുണ്ടായുള്ളു. ബെന്‍സിമയുടെ 55-ാം ചാമ്ബ്യന്‍സ് ലീഗ് ഗോളായിരുന്നു അത്.

Comments are closed.