സി.ഐ.എ യുടെ ഡയറക്ടറായി ജിന ഹസ്പെല്‍ തിരഞ്ഞെടുക്കപ്പെട്ടു

വാഷിങ്ടണ്‍: യു.എസ്. രഹസ്യാന്വേഷണ ഏജന്‍സി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടറായി ജിന ഹസ്പെല്‍ (61) അധികാരമേല്‍ക്കും. നിലവില്‍ സി.ഐ.എ.യുടെ ഡെപ്യൂട്ടി ഡയറക്ടറാണ്. നാമനിര്‍ദേശത്തിന് വ്യാഴാഴ്ച യു.എസ്. സെനറ്റ് അംഗീകാരം നല്‍കി. സി.ഐ.എ.യുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ്. യു.എസ്.തടങ്കലിലുള്ള അല്‍ഖായിദ ഭീകരരെ പീഡിപ്പിച്ചുവെന്ന ആരോപണം ഹസ്പെലിന്‍റെ പേരില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവരുടെ നാമനിര്‍ദേശം സെനറ്റ് അംഗീകരിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുയര്‍ന്നിരുന്നു. എന്നാല്‍, 45 നെതിരേ 54 വോട്ടുകള്‍ക്ക് സെനറ്റ് അംഗീകാരം നല്‍കി. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ആറു അംഗങ്ങളും ഹസ്പെലിനെ അനുകൂലിച്ചു. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ രണ്ടംഗങ്ങള്‍ എതിര്‍ത്തു.
മൈക്ക് പോംപിയോയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചതോടെയാണ് ഹസ്‌പെല്‍ സി.ഐ.എ. മേധാവിയായി വരുന്നത്. നിയമനം സെനറ്റ് അംഗീകരിച്ചതിന് പിന്നാലെ ഹസ്പെലിനെ അഭിനന്ദിച്ച്‌ പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. പുതിയ സി.ഐ.എ. ഡയറക്ടര്‍ക്ക് പ്രസിഡന്റ് ട്വിറ്ററിലൂടെ ആശംസ നേര്‍ന്നു. 33 വര്‍ഷമായി സി.ഐ.എ.യുടെ ഭാഗമായ ഹസ്പെല്‍ കരിയറിന്‍റെ ഏറിയഭാഗവും രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായാണ് പ്രവര്‍ത്തിച്ചത്. തായ്‌ലാന്‍ഡിലുള്ള യു.എസിന്‍റെ രഹസ്യതടവറയുടെ നടത്തിപ്പുചുമതല 2002 -ല്‍ ഏജന്‍സി ഹസ്പെലിന് നല്‍കി. ഇവിടെവെച്ച്‌ 2001 -ലെ ഭീകരാക്രമണക്കേസിലെ പ്രതികളെ ചോദ്യം ചെയ്യലിനിടെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. 119 തടവുകാരെ ഇത്തരത്തില്‍ പീഡിപ്പിച്ചതായി 2014-ല്‍ സെനറ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments are closed.