സുനന്ദ പുഷ്കറിന്‍റെ മരണം; ശശി തരൂര്‍ എംപിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പൊലീസ്

0

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ‌് നേതാവുമായ ശശി തരൂര്‍ എംപിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പൊലീസ്.  കേസില്‍ ശശി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കണമെന്ന പൊലീസിന്‍റെ ആവശ്യത്തില്‍ ജൂണ്‍ അഞ്ചിന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേട്ട‌് സമര്‍ വിശാല്‍ അറിയിച്ചു. മരിക്കുന്നതിന് ഒമ്ബത് ദിവസംമുമ്ബ് സുനന്ദ ശശി തരൂരിന് അയച്ച ഇ- മെയില്‍ സന്ദേശം മരണമൊഴിയായി സ്വീകരിക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടെന്നും മരണത്തിനുവേണ്ടി പ്രാര്‍ഥിക്കുകയാണെന്നും മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട‌്. മരണം വിഷം ഉള്ളില്‍ ചെന്നാണെന്നും 3000 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

സുനന്ദ പുഷ്കര്‍ കടുത്ത മാനസികസംഘഷര്‍ത്തിലേക്ക് നീങ്ങിയ അവസരത്തില്‍ ഭര്‍ത്താവ് അവരെ ക്രൂരമായി അവഗണിച്ചു. ഭാര്യയുടെ ഫോണ്‍കോളുകള്‍ എടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സാമൂഹ്യ മാധ്യമംവഴി സുനന്ദ സന്ദേശങ്ങള്‍ അയച്ചെങ്കിലും അവഗണിച്ചു. മരണത്തിനുമുമ്ബുള്ള ദിവസങ്ങളില്‍ ദമ്ബതികള്‍ സ്ഥിരമായി കലഹിച്ചിരുന്നു. ഇരുവരും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി സുഹൃത്തുക്കളും മറ്റും മൊഴി നല്‍കിയെന്നും അഡീഷണല്‍ പബ്ലിക‌് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ പറഞ്ഞു. ശശി തരൂരിനെമാത്രം പ്രതിയാക്കി മെയ് 14നാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ജനപ്രതിനിധികള്‍ക്ക് എതിരായ കേസ് പരിഗണിക്കുന്ന അതിവേഗ കോടതിയാണ് കേസ് പരി​ഗണിക്കുന്നത്.

Leave A Reply

Your email address will not be published.