ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരനെ നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം

0

ഗുവാഹാത്തി: ഗവര്‍ണറായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ കുമ്മനം രാജശേഖരന്‍ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം ശക്തമാകുന്നു. കുമ്മനം തീവ്രഹിന്ദുത്വവാദിയാണെന്നാരോപിച്ചാണ് പ്രതിഷേധം. അഴിമതിക്കെതിരായ സംഘടനയായി രൂപീകരിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയപാര്‍ട്ടിയായി മാറുകയും ചെയ്ത പ്രിസത്തിന്‍റെ (പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം) നേതൃത്വത്തിലാണ് കുമ്മനം രാജശേഖരനെതിരെ പ്രതിഷേധ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

തങ്ങളുടേത് ക്രൈസ്തവവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമാണ്. അവിടെ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകനെ ഗവര്‍ണറായി വേണ്ടെന്നാണ് പ്രിസത്തിന്‍റെ നിലപാട്. ഈ വര്‍ഷം അവസാനം മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതു മുന്നില്‍ക്കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണ് കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചതിനു പിന്നിലെന്നും പ്രിസം ആരോപിക്കുന്നു. ഗവര്‍ണര്‍ നിയമനത്തിനെതിരെ സംഘടിക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവസംഘടനകളെയും രാഷ്ട്രീയപാര്‍ട്ടികളെയും എന്‍ജിഒ യൂണിയനുകളെയും സമീപിച്ചിരിക്കുകയാണ് പ്രിസം.
‘പുതുതായി സ്ഥാനമേറ്റ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആര്‍എസ്‌എസ്,വിശ്വഹിന്ദു പരിഷത്ത്,ഹിന്ദു ഐക്യവേദി എന്നിവയുടെ സജീവപ്രവര്‍ത്തകനാണ്. ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും ക്രൈസ്തവപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി വാദിക്കുന്ന ആളുമാണ്. 1983ല്‍ നിലയ്ക്കലില്‍ നടന്ന ഹിന്ദു-ക്രൈസ്തവ സഘര്‍ഷത്തില്‍ കുമ്മനം നേരിട്ടിടപെട്ടിരുന്നു.കേരളത്തില്‍ വച്ച്‌ ക്രിസ്ത്യന്‍ മിഷനറിയായ ജോസഫ് കൂപ്പര്‍ ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനാണ് കുമ്മനം. 2003ല്‍ 50 ക്രിസ്ത്യന്‍ മിഷനറിമാരെ കേരളത്തില്‍ നിന്ന് പുറത്താക്കാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു.; പ്രിസം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 2015ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇരുനൂറാം വാര്‍ഷികാഘോഷപരിപാടിയില്‍ സുവിശേഷപ്രസംഗം നടത്തിയതിന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ നടപടിയെടുക്കണമെന്ന് കുമ്മനം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നതായും ഇത് അദ്ദേഹത്തിന്‍റെ ക്രൈസ്തവവിരുദ്ധ മനോഭാവം വെളിപ്പെടുത്തുന്നതാണെന്നും പ്രിസം കുറ്റപ്പെടുത്തുന്നു.

Leave A Reply

Your email address will not be published.