ഇറാഖില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലെ മുഴുവന്‍ വോട്ടുകളും വീണ്ടും എണ്ണാന്‍ ഉത്തരവ്

0

ബഗ്ദാദ്: ഇറാഖില്‍ അടുത്തിടെ ഫലം പ്രഖ്യാപിച്ച പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലെ മുഴുവന്‍ വോട്ടുകളും വീണ്ടും എണ്ണാന്‍ ഇറാഖ് പാര്‍ലിമെന്റ് ഉത്തരവിട്ടു. ഇതിന് പുറമെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടുകയും ചെയ്തു. ശിയാ നേതാവ് മുഖ്താദ അല്‍സദറിന് വിജയം സമ്മാനിച്ച തിരഞ്ഞെടുപ്പില്‍ വ്യാപകമായ തിരിമറികള്‍ നടന്നതായി തെളിയിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഴുവന്‍ വോട്ടുകളും വീണ്ടും എണ്ണാന്‍ ഇറാഖ് പാര്‍ലിമെന്റ് ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബ്ബാദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നും ഇതന്വേഷിക്കാന്‍ മന്ത്രിതലത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചതായും അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍റെ വിഷയത്തിലും ഹൈദര്‍ അല്‍അബ്ബാദി കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇറാഖ് പൊതു തിരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നത്.
കഴിഞ്ഞ മാസം 12നായിരുന്നു ഇറാഖ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ വീണ്ടും നടത്താന്‍ ഉത്തരവിട്ടതോടെ 11 മില്യന്‍ ബാലറ്റുകള്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കും. പതിനൊന്നംഗ സംഘമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉണ്ടായിരുന്നത്. ഇവരെ മുഴുവന്‍ പിരിച്ചുവിടുകയും പകരം ജഡ്ജിയുള്‍പ്പടെയുള്ള പുതിയൊരു വിഭാഗത്തെ ഈ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തന്നെ ഇറാഖിലെ നിരവധി ജില്ലാ ഭരണകൂടങ്ങളില്‍ നിന്ന് വോട്ടെടുപ്പില്‍ നടന്ന കൃത്രിമങ്ങളെ കുറിച്ച്‌ അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിനകം രാജ്യത്തുള്ള ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും ഇതേ ആരോപണവുമായി രംഗത്തെത്തി. കുര്‍ദിഷ് റീജ്യനല്‍ ഗവണ്‍മെന്റ് അധികാരത്തിലുള്ള ഭാഗങ്ങളിലും സുന്നി പ്രവിശ്യകളിലുമാണ് കൂടുതല്‍ തിരിമറി നടന്നതെന്നാണ് സംശയിക്കുന്നത്.

Leave A Reply

Your email address will not be published.