രാജ്യസഭാസീറ്റില്‍ അവകാശവാദം ഉന്നയിച്ച് ജോസഫ് ഗ്രൂപ്പും
തിരുവനന്തപുരം : രാജ്യസഭാസീറ്റില്‍ അവകാശവാദം ഉന്നയിച്ച് മുന്നിട്ടിറങ്ങാന്‍ ജോസഫ് ഗ്രൂപ്പും. ഇന്നു രാവിലെ ചേരുന്ന കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതി യോഗത്തിലായിരിക്കും ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കുക.അതേസമയം ജോസഫ് വിഭാഗം കടുംപിടിത്തത്തിന് മുതിര്‍ന്നേക്കില്ല. ജനറല്‍ സെക്രട്ടറി ഡി.കെ. ജോണിന്റെ പേര് സ്ഥാനാര്‍ഥിയായി മുന്നോട്ടു വയ്ക്കാനാണ് സാധ്യത. പാര്‍ട്ടി ചെയര്മാന് കെ.എം.മാണി രാജ്യസഭയിലേക്കെത്താനാണു സാധ്യതയേറെ. ജോസ് കെ.മാണിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
കേരള കേണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ചുവരുന്നതിന് പിന്നാലെ രാജ്യ സഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമാവുകയാണ്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തെ വിഎം സുധീരനും യുവ എംഎല്‍എമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചാണ് യുവ എംഎല്‍എമാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഷാഫി പറമ്ബില്‍, ഹൈബി ഈഡന്, കെഎസ് ശബരീനാഥന്, അനില്‍ അക്കര, വിടി ബല്‍റാം, റോജി എം ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് കത്തയച്ചത്.