കിം ജോംഗ് ഉന്നുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിമ്മുമായുള്ള ചര്‍ച്ചയ്ക്ക് ഒരുങ്ങിയിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയയ്ക്ക് മേല്‍ ഒരു തീരുമാനങ്ങളും അടിച്ചേല്‍പ്പിക്കില്ല. കിം-ട്രംപ് കൂടിക്കാഴ്ച ഈ മാസം 12നു സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ് നടക്കുന്നത്. വന്‍ സുരക്ഷയാണ് ആതിഥേയത്വം വഹിക്കുന്ന സിംഗപ്പൂര്‍ സര്‍ക്കാര്‍ ഒരുക്കിയത്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഉത്തരകൊറിയയുമായുള്ള അകല്‍ച്ച കുറയ്ക്കാന്‍ കിം-ട്രംപ് ചര്‍ച്ച സഹായിക്കുമെന്ന് ആബെ പറഞ്ഞു.