സൗഹൃദ മല്‍സരം; ജര്‍മനിക്കും സ്വിറ്റ്സര്‍ലന്‍ഡിനു ജയം

0

ലെവര്‍ക്യൂസന്‍: ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മല്‍സരങ്ങളില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനിക്കും ശക്തരായ സ്വിറ്റ്സര്‍ലന്‍ഡിനും ജയം. ക്രൊയേഷ്യ സെനഗലിനെയും ഇറാന്‍ ലിത്വാനിയയെയും പരാജയപ്പെടുത്തിയപ്പോള്‍ പോളണ്ടിനെ ചിലി സമനിലയില്‍ കുരുക്കി. ലോകകപ്പിന് മുന്നോടിയായുള്ള അവസാന സൗഹൃദ മല്‍സരത്തിനിറങ്ങിയ ജര്‍മനി 2-1ന് സൗദി അറേബ്യക്കെതിരേ തടിതപ്പുകയായിരുന്നു. സൗദിക്കെതിരേ ആധികാരികമായിരുന്നില്ല ജര്‍മനിയുടെ പ്രകടനം. എട്ടാം മിനിറ്റില്‍ ടിമോ വെര്‍ണറിലൂടെ മുന്നിലെത്തിയ ജര്‍മനിക്ക് 43ാം മിനിറ്റില്‍ മൊട്ടസ് ഹവ്സാവി നേടിയ സെല്‍ഫ് ഗോള്‍ തുണയാവുകയായിരുന്നു. 85ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെയാണ് തയ്സീര്‍ അല്‍ ജസീം സൗദിയുടെ ഗോള്‍ മടക്കിയത്. ഇതോടെ അവസാന അഞ്ച് സൗഹൃദ മല്‍സരങ്ങള്‍ക്കു ശേഷം വിജയവഴിയില്‍ തിരിച്ചെത്താനും ജര്‍മനിക്കായി.

സ്വിറ്റ്സര്‍ലന്‍ഡ് എതിരില്ലാത്ത രണ്ട് ഗോളിന് ജപ്പാനെയാണ് തോല്‍പ്പിച്ചത്. ജപ്പാനെതിരേ റികാര്‍ഡോ റോഡ്രിഗസ് (42ാം മിനിറ്റ്), ഹാരിസ് സെഫോവിക് (82) എന്നിവരാണ് സ്വിറ്റ്സര്‍ലന്‍ഡിനു വേണ്ടി നിറയൊഴിച്ചത്. ക്രൊയേഷ്യ 2-1ന് സെനഗലിനെ തോല്‍പ്പിച്ചപ്പോള്‍ ഇറാന്‍ എതിരില്ലാത്ത ഒരു ഗോളിന് ലിത്വാനിയയെ മറികടക്കുകയായിരുന്നു. പോളണ്ടിനെ 2-2നാണ് ചിലി പിടിച്ചുകെട്ടിയത്.

Leave A Reply

Your email address will not be published.