കര്‍ഷക സമരത്തെ തുടര്‍ന്ന് ഇന്ന് അഖിലേന്ത്യ കര്‍ഷക ബന്ദ്
ന്യൂഡല്‍ഹി: കര്‍ഷകര്‍ രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തിന്റെ അവസാന ദിവസമായ ഇന്ന് അഖിലേന്ത്യ കര്‍ഷക ബന്ദ്. സമര രംഗത്തുള്ള കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് ബന്ദ് നടത്തുന്നത്. ജൂണ്‍ ഒന്നിനാണ് സമരം തുടങ്ങിയത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും സ്വാമിനാഥന് കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ‘രാഷ്ട്രീയ കിസാന്‍ മഹാസംഘ്’ ആണ് 10 ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തത്. 10 ലക്ഷത്തോളം അംഗങ്ങളുള്ള ശിവകുമാര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള ഭാരതീയ കിസാന്‍ മസ്ദൂര്‍ സംഘ് ആണ് സമരരംഗത്തുള്ള പ്രധാന സംഘടന. കര്‍ഷക മുന്നേറ്റം, ദേശീയ കര്‍ഷക സമാജം, മലനാട് കര്‍ഷക രക്ഷാ സമിതി, കര്‍ഷക സേന എന്നിങ്ങനെ നാല് കര്‍ഷക സംഘടനകളാണ് കേരളത്തില്‍നിന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സമരം ശക്തിപ്പെട്ടതോടെ ഡല്‍ഹിയടക്കം നഗരങ്ങളില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുതിച്ചുയര്‍ന്നു.