കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന സിയാം ഹംഗലിനെ ഡെല്‍ഹി ഡൈനാമോസ് സ്വന്തമാക്കി
കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന സിയാം ഹംഗലിനെ ഡെല്‍ഹി ഡൈനാമോസ് സ്വന്തമാക്കി. രണ്ട് വര്‍ഷത്തേക്കാണ് ഇരുപത്തിയഞ്ചുകാരനായ ഈ മധ്യനിര താരവുമായി ഡെല്‍ഹി കരാറൊപ്പിട്ടത്. 2017-18 സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി എട്ട് മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരമാണ് ഹംഗല്‍.
2012 ല്‍ പൈലാന്‍ ആരോസിലൂടെ ഇന്ത്യന്‍ ഫുട്ബോളിന്റെ മുഖ്യ ധാരയിലേക്ക് വന്ന ഹംഗല്‍, 2013 ല്‍ ബെംഗളൂരു എഫ് സി യിലേക്ക് ചുവടുമാറി. ബെംഗളൂരുവിനൊപ്പം 2 ഐലീഗ് കിരീടങ്ങളും ഒരു ഫെഡറേഷന് കപ്പും നേടിയ താരം 2015 ല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടിയും, 2016 ല്‍ ചെന്നൈയന് എഫ് സിക്ക് വേണ്ടിയും ഐ എസ് എല്ലില്‍ കളിച്ചു.
2014 ലെ ഏഷ്യന്‍ ഗെയിംസില്‍ കളിച്ച ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഈ മണിപ്പൂരുകാരന്‍ ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന മധ്യനിര താരമാണ്. ഹംഗല്‍ കൂടിയെത്തുന്നതോടെ അടുത്ത സീസണിലേക്കുള്ള ഡെല്‍ഹിയുടെ മധ്യനിര ഇന്ത്യന്‍ താരങ്ങളാല്‍ സമ്ബന്നമായി. വിനീത് റായ്, റോമിയോ ഫെര്‍ണാണ്ടസ്, നന്ദകുമാര്‍ ശേഖര്‍, ലാലിന്‍സുവാല ചാംഗ്തെ തുടങ്ങിയവരാണ് ഡെല്‍ഹി ഡൈനാമോസ് ടീമിലുള്ള ഇന്ത്യന്‍ മധ്യനിര താരങ്ങള്‍.