പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ചോദ്യംചെയ്തു

0

ന്യൂഡല്‍ഹി: പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ആറ് മണിക്കൂര്‍ ചോദ്യംചെയ്തു. ഇത് രണ്ടാം തവണയാണ് ചിദംബരത്തെ ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ 11 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ ചിദംബരം വൈകീട്ട് അഞ്ചിനാണ് മടങ്ങിയത്. തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെയും കുറ്റങ്ങളൊന്നും ആരോപിക്കാതെയുമാണ് രണ്ടാംതവണയും അധികൃതര്‍ ചോദ്യം ചെയ്തതെന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു. ചിദംബരത്തിന്‍റെ മൊഴി രേഖപ്പെടുത്തുകയാണ് ഉണ്ടായതെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പി ചിദംബരം ധനമന്ത്രി ആയിരിക്കെ മുംബൈ ആസ്ഥാനമായ ഐ.എന്‍.എക്സ് മീഡിയയ്ക്ക് വിദേശത്തുനിന്ന് 305 കോടി രൂപയുടെ ഫണ്ട് ലഭിക്കുന്നതിനായി മാധ്യമസ്ഥാപനമായ ഐ.എന്‍.എക്സ്. മീഡിയയ്ക്ക് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ (എഫ്.ഐ.പി.ബി.) ക്ലിയറന്‍സ് നല്‍കുന്നതില്‍ ക്രമക്കേടു നടന്നതുമായി ബന്ധപ്പെട്ടാണു കേസ്. കേസില്‍ ജൂലായ് മൂന്നുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് സിബിഐ.യെ ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച വിലക്കിയിരുന്നു. മെയ്‌ 31 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്ന് ചിദംബരം അറിയിക്കുകയായിരുന്നു. ജൂണ്‍ അഞ്ചിനാണ് ചിദംബരത്തെ കേസില്‍ ആദ്യം ചോദ്യംചെയ്യുന്നത്. ചിദംബരത്തിന്‍റെ
മകന്‍ കാര്‍ത്തിയെ ഈ കേസില്‍ അധികൃതര്‍ നേരത്തെ ചോദ്യംചെയ്തിരുന്നു. കേസില്‍ ജൂണ്‍ പത്തുവരെ ചിദംബരത്തെ അറസ്റ്റുചെയ്യരുതെന്ന് പ്രത്യേക കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Leave A Reply

Your email address will not be published.