കൊച്ചി തീരത്ത് ചരക്കു കപ്പലില്‍ വന്‍ തീപിടിത്തം

0

കൊച്ചി: കൊച്ചി തീരത്ത് ഇന്ത്യന്‍ ചരക്കു കപ്പലില്‍ വന്‍ തീപിടിത്തം. ഇന്ത്യന്‍ കപ്പലായ എംവി നളിനിക്കാണു തീപിടിച്ചത്. കൊച്ചി തീരത്തു നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നങ്കൂരമിട്ടു കിടക്കുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. കപ്പലില്‍ 22 പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കപ്പലിലെ വൈദ്യുതി സംവിധാനങ്ങളും പൂര്‍ണമായും തകരാറിലായി. പ്രൊപ്പല്‍ഷന്‍ സംവിധാനവും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
എന്‍ജിന്‍ റൂണിലാണു തീപിടിത്തമുണ്ടായതെന്നാണു പ്രാഥമിക വിവരം. വലിയ സ്‌ഫോടനത്തോടുകൂടിയാണു തീപിടിത്തമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കാരണം വ്യക്തമായിട്ടില്ല. സതേണ്‍ നേവല്‍ കമാന്‍ഡിന്‍റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ അപകടസ്ഥലത്തേക്കു തിരിച്ചു. ‘സീ കിങ്’ ഹെലികോപ്റ്ററും സജ്ജമാക്കുന്നുണ്ട്. കൂടുതല്‍ ക്രൂ അംഗങ്ങളെ രക്ഷിക്കേണ്ടതുണ്ടെങ്കിലാണു സീ കിങ്ങിനെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കുക. കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് അയച്ചിട്ടുണ്ട്. സതേണ്‍ നേവല്‍ കമാന്‍ഡിന്‍റെ ഐഎന്‍എസ് കല്‍പേനിയും സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.