കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി
താമരശേരി: കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടിയത്. ദുരന്ത നിവാരണ സേനയും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്. തമിഴ്നാട്ടില്‍നിന്നും കൂടുതല്‍ ദുരന്ത നിവാരണ സേനാംഗങ്ങള്‍ തെരച്ചിലിനായി കരിഞ്ചോലയില്‍ എത്തുമെന്നാണ് സൂചന. ഉരുള്‍പൊട്ടലില്‍ കാണാതായ നസ്റത്തിന്റെ മകള്‍ റിഫ ഫാത്തിമ മറിയം (1) ആണ് മരിച്ചത്. കാണാതായിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും പുരോഗമിച്ചുവരികയാണ്. നാലു വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഈ വീടുകളിലെ അഞ്ചു പേര് രക്ഷപ്പെട്ടു.
കരിഞ്ചോല അബ്ദുറഹിമാന് (60), മകന് ജാഫര്‍(35), ജാഫറിന്റെ പുത്രന് മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലിമിന്റെ മക്കളായ ദില്‍ന ഷെറിന് (ഒമ്ബത്), മുഹമ്മദ് ഷഹബാസ് (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഉച്ചയോടെ കണ്ടെടുത്തിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കരിഞ്ചോല ഹസന് (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ വൈകുന്നേരവും ജാഫറിന്റെ മൃതദേഹം സന്ധ്യയോടെയുമാണ് കണ്ടെടുത്തത്. കരിഞ്ചോലമലയുടെ താഴെ താമസിക്കുന്ന കരിഞ്ചോല ഹസന്, അബ്ദുറഹിമാന്, അബ്ദുള്‍ സലിം, ഈര്‍ച്ച അബ്ദുറഹിമാന്, കൊടശേരിപൊയില് പ്രസാദ് എന്നിവരുടെ വീടുകളാണ് അപകടത്തില്‍ തകര്‍ന്നത്.