വാഹന റജിസ്ട്രേഷന് തട്ടിപ്പ്: സുരേഷ് ഗോപി, നടി അമല പോള്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം ഒരുങ്ങുന്നു
തിരുവനന്തപുരം: പുതുച്ചേരി വാഹന റജിസ്ട്രേഷന് തട്ടിപ്പ് കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപി, നടി അമല പോള്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം ഒരുങ്ങുന്നു. കേസില്‍ ഇരുവര്‍ക്കുമെതിരെ ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. മാത്രമല്ല, പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും പിഴയടച്ച നടന് ഫഹദ് ഫാസിലിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.
കൂടാതെ, റജിസ്ട്രേഷനു വേണ്ടി സുരേഷ് ഗോപിയും അമല പോളും നല്കിയ തെളിവുകള്‍ വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇരുവരും പുതുച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നതും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് എന്നിവ ചുമത്തി കുറ്റപത്രത്തിനു ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. നികുതി വെട്ടിപ്പിനു കൂട്ടു നിന്ന ഒന്‍പതു ഷോറൂം ഏജന്‍സികള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിക്കും. പിഴയടയ്ക്കാന്‍ സമയം നല്‍കിയിട്ടും അതു ചെയ്യാതിരുന്ന പുതുച്ചേരി റജിസ്ട്രേഷന് വാഹന ഉടമകള്‍ക്കു നേരെയും നടപടി ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി.