രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു

0

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ മേല്‍ജാതിക്കാരന്‍റെ കുളത്തില്‍ നീന്തിയതിന് രണ്ട് കുട്ടികളെ ഒരു സംഘം ആളുകള്‍ വിവസ്ത്രരാക്കി മര്‍ദിച്ചിരുന്നു. ഈ സംഭവം വിവാദമായതിനെത്തുടര്‍ന്ന് കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെക്കുകയും ബി.ജെ.പി, ആര്‍.എസ്. എസ് അതിക്രമങ്ങള്‍ക്കുദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കുട്ടികളുടെ പേര് മറയ്ക്കാതെ ട്വീറ്റ് ചെയ്തതിനാണ് രാഹുലിന് നോട്ടീസ് അയച്ചത്. അമല്‍ ജാദവ് എന്നയാളുടെ പരാതിയിന്‍ മേലാണ് നോട്ടീസ്.
ബാലനീതി നിയമ പ്രകാരവും പോക്സോ നിയമ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ഇരകളുടെ വിവരം വെളിപ്പെടുത്താന്‍ പാടില്ല. ഇത് ലംഘിച്ചതിനാലാണ് രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനും നോട്ടീസ് അയച്ചതെന്ന് കമ്മീഷന്‍ പ്രസിഡന്റ പ്രവീണ്‍ ഗുജ്ജ് പി.ടി.ഐയോട് പറഞ്ഞു. എന്നാല്‍ ട്വീറ്റ് ചെയ്ത രാഹുലിന് നോട്ടീസ് അയച്ച ബാലാവകാശ കമ്മീഷന്‍ നടപടി അസംബന്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കാണ് ഈ നോട്ടീസ് അയക്കേണ്ടതെന്നും മുംബൈ കോണ്‍ഗ്രസ്സ് നേതാവ് സഞ്ജയ് നിരുപം വിമര്‍ശിച്ചു. രാഹുല്‍ പ്രശ്നം പൊതുജന ശ്രദ്ധയില്‍ കൊണ്ടു വരിക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Leave A Reply

Your email address will not be published.