കുടിയേറ്റ വിരുദ്ധനയത്തില്‍ നിന്നും അമേരിക്ക പിന്മാറുന്നു

0

വാഷിങ്​ടണ്‍: അതിര്‍ത്തിയില്‍ കുടുംബങ്ങളെ വേര്‍പെടുത്തുന്ന കുടിയേറ്റ വിരുദ്ധനയത്തില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറുന്നു. അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റത്തിന് പിടിക്കപ്പെടുന്ന കുടുംബങ്ങളില്‍ നിന്നും കുട്ടികളെ വേര്‍പെടുത്തുന്നത് അവസാനിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം അനധികൃത കുടിയേറ്റത്തിനെതിരേ ക്രിമിനല്‍ നടപടി വേണമെന്നുള്ള നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. ഓവല്‍ ഓഫീസില്‍ പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിക്കുന്നതിന് പകരം കുടുംബത്തെ മുഴുവന്‍ ഒരുമിച്ചിരിക്കുന്ന രീതിയില്‍ തന്നെ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. കുടുംബങ്ങളെ ഒരുമിച്ച്‌ കഴിയാന്‍ അനുവദിക്കുന്നതിനൊപ്പം തന്നെ നമ്മള്‍ കരുത്തരും അതിര്‍ത്തിയില്‍ കടുപ്പക്കാരുമാണ് എന്ന് അനധികൃത കുടിയേറ്റക്കാര്‍ക്ക് ശക്തമായ സന്ദേശം നല്‍കണമെന്നും ട്രംപ് പറയുന്നു.
അനധികൃതകുടിയേറ്റത്തിനെതിരേ നിലപാടു കടുപ്പിച്ചതോടെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയ കുട്ടികളെ കൂട്ടിലിട്ട നിലയില്‍ കാണുന്നതിന്റെ വീഡിയോയും കുട്ടികള്‍ മാതാപിതാക്കളെ വിളിച്ചു കരയുന്ന വിതുമ്ബലുകളുടെ ഓഡിയോകളും പ്രചരിച്ചിരുന്നു. ഇത് ട്രംപ് ഭരണകൂടത്തിനെതിരേ കടുത്ത രോഷം ഉയരാന്‍ ഇടയാക്കിയിരുന്നു. വാര്‍ത്താ അവതാരകരും രാഷ്ട്രീയക്കാരും പ്രഥമവനിത മെലാനിയ ട്രംപും പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വരെ ഇതിനെതിരേ ശബ്ദമുയര്‍ത്തുകയും ചെയ്തതോടെയാണ് ട്രംപ് തീരുമാനം മാറ്റിയത്.

Leave A Reply

Your email address will not be published.