നടന്‍ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാന്‍ തീരുമാനം

0

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍നിന്ന് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനം. ദിലീപിനെ പുറത്താക്കിയത് സാങ്കേതികമായി നിലനില്‍ക്കില്ലെന്ന കണ്ടെത്തലാണ് തിരിച്ചെടുക്കാന്‍ പറയുന്ന കാരണം. നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു പുറത്താക്കല്‍. വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്താതിരുന്നിട്ടും ചര്‍ച്ചയ്ക്കുവരികയായിരുന്നു. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക്‌ വിരുദ്ധമായാണെന്നും അതിനാല്‍ത്തന്നെ പുറത്താക്കല്‍ നിലനില്‍ക്കുന്നതല്ലെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഞായറാഴ്ച കൊച്ചിയില്‍നടന്ന അമ്മ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് തീരുമാനം.
ദിലീപിന്‍റെ വിശദീകരണംപോലും തേടാതെ അത്തരമൊരു നടപടി സ്വീകരിച്ചത് തെറ്റായിപ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദിലീപ് കേസിനുപോയിരുന്നെങ്കില്‍ സംഘടന കുടുങ്ങിയേനെയെന്ന് സിദ്ദിഖ് പറഞ്ഞു. അതേസമയം, വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകരായ താരങ്ങള്‍ ജനറല്‍ബോഡിയില്‍നിന്ന്‌ വിട്ടുനിന്നു. രമ്യ നമ്ബീശന്‍, റിമ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിയവര്‍ യോഗത്തിനെത്തിയില്ല. അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ.ബി. ഗണേഷ് കുമാറും മുകേഷും ചുമതലയേറ്റു. 17 വര്‍ഷം സംഘടനയെ നയിച്ച ഇന്നസെന്റിന് പകരക്കാരനായാണ് മോഹന്‍ലാല്‍ സ്ഥാനമേറ്റത്. യോഗസ്ഥലത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല.

Leave A Reply

Your email address will not be published.