നിയമപരമല്ലാതെ അമേരിക്കയിലേക്ക് എത്തിച്ചേര്‍ന്ന മുഴുവന്‍ പേരെയും തിരിച്ചയക്കുമെന്ന് ട്രംപ്
ന്യൂയോര്‍ക്ക് : നിയമപരമല്ലാതെ അമേരിക്കയിലേക്ക് എത്തിച്ചേര്‍ന്ന മുഴുവന്‍ പേരെയും തിരിച്ചയക്കുമെന്ന പ്രസ്താവനയുമായി വീണ്ടും ഡോണാള്‍ഡ് ട്രംപ് രംഗത്ത്. കുടിയേറ്റക്കാര്‍ നിയമപരമായ പ്രക്രിയകള്‍ ഒന്നുമില്ലാതെ ഉടന്‍ തിരിച്ചുപോവേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മതിയായ രേഖകളില്ലാതെ കുടിയേറ്റക്കാര്‍ക്ക് ചില അവകാശങ്ങള്‍ അമേരിക്കന്‍ കുടിയേറ്റ നിയമം ഉറപ്പുവരുത്തുന്നുണ്ട്. തിരിച്ചയക്കുന്നതിന് മുന്‍പെ ജഡ്ജിയുടെ സാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്നാണ് നിയമത്തില്‍ പ്രസ്താവിച്ചിട്ടുള്ള പ്രധാന വസ്തുത. എന്നാല്‍ നിയമപരമായ ഒരവകാശവും ലഭ്യമാക്കാതെ ഉടനടി കുടിയേറിയവര്‍ തിരിച്ചുപോകണമെന്നാണ് തന്റെ ട്വിറ്ററിലൂടെ ട്രംപ് വ്യക്തമാക്കുന്നത്. ട്രംപിന്റെ നയങ്ങളിലുള്ള പ്രതിഷേധം അമേരിക്കന്‍ നഗരങ്ങളില്‍ ഇതേവരെ അവസാനിച്ചിട്ടില്ല. കുടിയേറ്റ നിയമങ്ങള്‍ ശക്തമാക്കിയതിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നതിനിടെയാണ് നിയമം കടുപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം.