കറുത്ത ദിനമായി നിയമസഭ, കര്‍ഷകരുടെ പാർട്ടി മുതലാളിപാർട്ടി ആയി മാറിയ ദിവസം
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടയിൽ നെല്‍വയല്‍, തണ്ണീര്‍ത്തട നിയമം പൊളിച്ചെഴുതി സർക്കാർ. കര്‍ശനമായി നടപ്പാക്കുമെന്നു തെരഞ്ഞെടുപ്പു പ്രകടപത്രികയില്‍ എഴുതി വച്ച് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതികളിലൂടെ 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിനും,കര്‍ഷകർക്കുമാണ് മരണ കുരുക്കിട്ടത്. വൻകിട മാഫിയകളെ സഹായിക്കാനാണെന്നാണ് പ്രതിപക്ഷ നേതാവ്. മുപ്പതു വകുപ്പുകളുള്ള മൂലനിയമത്തിലെ പ്രധാനപ്പെട്ട 11 വകുപ്പുകളും ഭേദഗതി ചെയ്ത് സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഭൂരാജാക്കന്മാര്ക്കും റിയല്‍എസ്റ്റേറ്റ് ലോബിക്കും തീറെഴുതാനുള്ള നാടകമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
നിലവില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള നിരീക്ഷകസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം മാത്രം നികത്തലിന് അനുമതി ലഭിക്കുമായിരുന്നതു മാറ്റി സര്‍ക്കാരിന് ഏതെങ്കിലും ഒരു സമിതിയുടെ റിപ്പോര്‍ട്ട് മതി എന്നു ഭേദഗതി ചെയ്യുകയാണ്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട രേഖകളില്‍ മാറ്റം വരുത്താന്‍ ആര്‍ഡിഒമാരെ അധികാരപ്പെടുത്തുന്ന സംവിധാനത്തിലൂടെ പ്രാദേശിക നിരീക്ഷണ സമിതികൾ നോക്കുകുത്തികളായി മാറും. 2006ൽ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ അധികാരത്തിൽവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് ഈ നിയമം കൊണ്ടു വന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് നെൽവയലുകളെയും തണ്ണീർത്തടങ്ങളെയും സംരക്ഷിക്കാനുള്ള ഒരു നിയമമുണ്ടായത്. ഈ നിയമത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ഐക്യരാഷ്ട്രസഭയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത് കേരളത്തിനു മാത്രമല്ല ഈ നിയമം വേണ്ടത്, ലോകത്തിനു തന്നെ ഇത്തരമൊരു നിയമത്തിന്റെ ആവശ്യകതയുണ്ടെന്നാണ്. ലോകത്തിലെ തണ്ണീർത്തടങ്ങൾ മുഴുവനും അതിവേഗത്തിൽ നാശോന്മുഖമാകുകയാണെന്നും ആ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. നാടിന്റെ ഭാവിയെ മുൻനിർത്തി, പിതാമഹന്മാരിൽനിന്ന് നമുക്ക് കൈമാറിവന്ന ഭൂമി, വലിയ പരിക്കുകളൊന്നുമില്ലാതെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ പുറത്ത് മാനവികമായ ഉൾക്കാഴ്ചയോടെ പ്രയോഗത്തിൽ വരുത്തിയ നിയമമാണ് നെൽവയൽ-നീർത്തട സംരക്ഷണനിയമം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇക്കാര്യത്തില്‍ രാഷ്ട്രീയ സമവായമുണ്ടാക്കാന്‍ എകെജി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എതിര്‍പ്പറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, മുഖ്യമന്ത്രി, റവന്യു-കൃഷി, ടൂറിസം മന്ത്രിമാര്‍ എന്നിവരാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. പിന്നീട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗം ഇളവിനുള്ള നീക്കം ആദ്യം ഉപേക്ഷിക്കുകയായിരുന്നു. എൽ ഡി എഫ് യോഗത്തിൽ സമവായം ഉണ്ടാവുകയും,നിയമനിർമാണ സഭയിൽ വോട്ടിനിട്ടപ്പോൾ സിപിഐ എംഎൽഎമാർ അനുകൂലമായ നിലപാടെടുക്കുകയും ചെയ്തു.
ഷിബു ബാബു