മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് അനുമതി

0

ന്യൂഡല്‍ഹി:  അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക്  കോടതി  മുറികളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ആറ് മാസത്തേക്കുള്ള പാസുകള്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡില്‍ കയ്യില്‍ കരുതുന്നതിന് അനുമതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് തയ്യാറാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ ഈ തീരുമാനം നടപ്പിലാക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇതിന് അനുവാദം നല്‍കിയതായി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. സുശീല്‍ കെ.ആര്‍. ശര്‍മ പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു.
എന്നാല്‍ കോടതിമുറിയില്‍ ഫോണ്‍ ഏതെങ്കിലും വിധത്തില്‍ ശല്യമുണ്ടാക്കിയാല്‍ കോര്‍ട്ട് മാസ്റ്റര്‍ ഫോണ്‍ കണ്ടുകെട്ടി സുരക്ഷാ ചുമതലയുള്ള അഡീഷണല്‍ രജിസ്ട്രാറെ ഏല്‍പ്പിക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് തരുന്നു. അക്രെഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറിയ്ക്കുള്ളില്‍ മൊബൈല്‍ഫോണ്‍ കൈവശം വെക്കാന്‍ ഒരുമാസം മുമ്ബ് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. അഭിഭാഷകര്‍ക്ക് മാത്രമാണ് മുമ്ബ് കോടതി മുറികളില്‍ മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതാന്‍ അനുമതി ഉണ്ടായിരുന്നത്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഈ പ്രശ്‌നം ചീഫ് ജസ്റ്റിസിനെ അറിയിച്ചിരുന്നു.

Leave A Reply

Your email address will not be published.