ആണവ നിരായുധീകരണം; ഉത്തര കൊറിയക്കു മേല്‍ ഉടന്‍ സമയപരിധി വയ്ക്കുമെന്ന് യുഎസ്
അലാസ്ക: ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയക്കു മേല്‍ ഉടന്‍ സമയപരിധി വയ്ക്കുമെന്ന് യുഎസ്. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയയുടെ പ്രതിബദ്ധത അറിയാനുള്ള സമയക്രമം ഉടന്‍ നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
സിംഗപ്പൂര്‍ ഉച്ചകോടിയിലെ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയില്‍ നിന്നു ചില കാര്യങ്ങള്‍ അറിയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥന് തയ്യാറായില്ല. യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാട്ടിസ് ഏഷ്യന്‍യാത്ര നടത്താനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. ജൂണ്‍ 12നു നടന്ന കിം-ട്രംപ് ഉച്ചകോടിയില്‍ ഉത്തര കൊറിയയുടെ ആണവ നിരായുധീകരണത്തിനും യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക പരിശീലനം നിര്‍ത്തിവയ്ക്കാനും ധാരണയായിരുന്നു.
അതേസമയം, ഇരു കൊറിയകളും അതിര്‍ത്തിയില്‍ നിന്നു സൈനിക സന്നാഹങ്ങളെ പിന്‍വലിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ലീ നാക് യോങ് അറിയിച്ചു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ആക്രമണങ്ങളെ തടുക്കുന്നതിനായി 1000 പീരങ്കികളാണ് ഉത്തര കൊറിയ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. 1950-53 യുദ്ധത്തിന്റെ വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാഴ്ച മുമ്ബു നടന്ന ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ നിന്നു സൈനിക സന്നാഹത്തെ പിന്‍വലിക്കാന്‍ ദക്ഷിണ കൊറിയ ഉത്തര കൊറിയയോട് ആവശ്യപ്പെട്ടിരുന്നു. ആദ്യമായാണ് ദക്ഷിണ കൊറിയ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നത്. യുദ്ധവാര്‍ഷികത്തില്‍ നടത്താറുള്ള യുഎസ്വിരുദ്ധ റാലി ഉത്തര കൊറിയ നിര്‍ത്തിവച്ചു.