ട്രംപിനെതിരെ ഹര്‍ജിയുമായി 17 അമേരിക്കന്‍ സംസ്ഥാനങ്ങള്‍

0

യു എസ്: കുടിയേറ്റക്കാരില്‍ ഉള്‍പ്പെടുന്ന കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ച ട്രംപിന്‍റെ നടപടിയില്‍ 17 അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വിയോജിപ്പ്. കുടുംബങ്ങളെ വേര്‍പിരിച്ചതിനെതിരെ സംസ്ഥാനങ്ങള്‍ ഹര്‍ജി നല്‍കി. വാഷിംങ്ടണ്‍, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാനങ്ങളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കുടിയേറ്റക്കാരായ രക്ഷിതാക്കളില്‍ നിന്ന് 2300 കുട്ടികളെയാണ് ഭരണകൂടം കഴിഞ്ഞയാഴ്ച വേര്‍പിരിച്ചിരുന്നത്. ട്രംപ് ഭരണകൂടത്തിന്‍റെ ഈ നടപടിക്കെതിരെയാണ് 17 അമേരിക്കന്‍ സംസ്ഥാനങ്ങള്‍ തന്നെ രംഗത്തുവന്നിരിക്കുന്നത്.
വേര്‍പിരിച്ചവരെ പഴയ പോലെ കൂട്ടിയോജിപ്പിക്കണമെന്നതാണ് ഈ സംസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.  കുട്ടികളെ കുടുംബക്കാരില്‍ നിന്ന് അകറ്റുന്നത് ക്രൂരവും വേദനാജനകവുമായ നടപടിയുമാണെന്ന് ന്യൂജേഴ്‌സി അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു. എല്ലാ ദിവസവും പരസ്പര വിരുദ്ധമായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിനെല്ലാം അപ്പപ്പോള്‍ ഓരോ ന്യായങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുട്ടികളില്‍ നിന്നും വളരെ ദൂരെയാണ് ഇപ്പോള്‍ രക്ഷിതാക്കള്‍ കസ്റ്റഡിയിലുള്ളത്. ഒരു മാസത്തിലേറെയായി അവര്‍ക്ക് കുട്ടികളെ ഒന്നു കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ല. ട്രംപിന്‍റെ അസഹിഷ്ണുതാപരമായ തീരുമാനമാണ് ഇതിലേക്ക് നയിച്ചത്. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ രാജ്യത്തേക്ക് കടക്കാതിരിക്കാനായിരുന്നു ട്രംപ് നീക്കം നടത്തിയിരുന്നത്.

Leave A Reply

Your email address will not be published.