നെതര്‍ലാന്റ്സില്‍ ശിരോവസ്ത്രങ്ങള്‍ക്ക് നിരോധനമെര്‍പ്പെടുത്തി
നെതര്‍ലന്റ്: നെതര്‍ലാന്റ്സില്‍ ശിരോവസ്ത്രങ്ങള്‍ക്ക് നിരോധനമെര്‍പ്പെടുത്തി പാര്‍ലമെന്റില്‍ ബില്‍ പാസായി. നെതര്‍ലാന്റ് പാര്‍ലമെന്റിലെ എംപിമാരാണ് ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ബില്ലിനെ പിന്തുണച്ച് ബില്ല് പാസാക്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ശിരോവസ്ത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ സുരക്ഷിതമായിരിക്കാനാണ് നിയമം പാസാക്കിയതെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. എന്നാല്‍ നിയമം ബുര്‍ഖ, നിഖാബ് എന്നിവയെ മാത്രം ലക്ഷ്യം വെച്ചാണെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ശിരോവസ്ത്രങ്ങള്‍ക്കൊപ്പം അതിനോട് സാദൃശ്യമുള്ള മറ്റു വസ്ത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ബില്ലിലൂടെ.
എന്നാല്‍ പൊതു നിരത്തുകള്‍ക്ക് സമീപം ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കില്ല. പൊലീസിന് ആളുകളെ എപ്പോള്‍ വേണമെങ്കിലും ശിരോവസ്ത്രം ഉയര്‍ത്തി പരിശോധിക്കാം എന്നതുകൊണ്ടാണ് ഇവിടങ്ങളില്‍ നിരോധനം ഒഴിവാക്കിയത്. തീവ്ര വലതുപക്ഷ നേതാവായ ഗ്രീറ്റ് വില്‍ഡേഴ്സ് നേരത്തെ തന്നെ ശിരോവസ്ത്രം നിരോധിക്കാന്‍ തിടുക്കം കൂട്ടിയിരുന്ന നേതാവാണ്. അദ്ദേഹം നയിക്കുന്ന ഫ്രീഡം പാര്‍ട്ടിയാണ് ഇപ്പോള്‍ നിരോധനം കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ തീരുമാനം നെതര്‍ലാന്റ്സിനെ ഇസ്ലാം മുക്തമാക്കാനാണ് ഗ്രീറ്റ് വില്‍ഡേഴ്സിന്റെ ശ്രമമെന്ന് സെനെറ്റ് അംഗം മര്ജോളിന് ഫാബെര്‍ വാന്‍ ഡേ വിമര്‍ശിച്ചു.