ട്രംപിന്റെ മുസ്ലിം യാത്രാവിലക്ക് സുപ്രീംകോടതി ശരിവച്ചു
വാഷിംഗ്ടണ്‍ : വിവിധ മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള യാത്രികര്‍ക്ക് യുഎസില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ട്രംപിന്റെ നടപടി യുഎസ് സുപ്രീംകോടതി ശരിവച്ചു. അഞ്ചു ജഡ്ജിമാര്‍ യാത്രാവിലക്ക് ശരിവച്ചപ്പോള്‍ നാലുപേര്‍ വിയോജനക്കുറിപ്പെഴുതി. കുടിയേറ്റം നിയന്ത്രിക്കാന്‍ യുഎസ് പ്രസിഡന്റുമാര്‍ക്ക് അധികാരമുണ്ടെന്ന് ഭൂരിപക്ഷ വിധിന്യായത്തില്‍ ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്സ് എഴുതി. ഇതേസമയം മുസ്ലിം വിരുദ്ധതയാണ് യാത്രാവിലക്കിനു ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്നു വ്യക്തമാണെന്നു നാലു ജഡ്ജിമാര്‍ക്കു വേണ്ടി ജസ്റ്റീസ് സോണിയാ സോട്ടോമേയര്‍ എഴുതിയ വിയോജനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ട്രംപിന്റെ ഉത്തരവ് മുസ്ലിംകള്ക്ക് എതിരേയുള്ള വിവേചനമാണെന്നും ട്രംപ് അമിതാധികാരം പ്രയോഗിച്ചുവെന്നുമുള്ള വാദം കോടതി തള്ളിക്കളഞ്ഞു.
യാത്രാവിലക്കിന് എതിരേ പല കീഴ്ക്കോടതികളും നേരത്തെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, സുപ്രീംകോടതി സ്റ്റേ അനുവദിക്കാത്തതുമൂലം ഡിസംബര്‍ മുതല്‍ വിലക്ക് പ്രാബല്യത്തിലുണ്ടായിരുന്നു. ഇന്നലത്തെ വിധി ട്രംപിനു വന്‍വിജയമായി.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇറാന്, ലിബിയ, സോമാലിയ, സിറിയ, യെമന്‍ എന്നീരാജ്യങ്ങളില്നിന്നുള്ള യാത്രക്കാര്‍ക്കാണു യുഎസില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ പട്ടികയിലുണ്ടായിരുന്ന ഇറാക്ക്, ഛാഡ് എന്നീ രാജ്യങ്ങളെ പിന്നീടു നീക്കം ചെയ്തു.