കുവൈറ്റില്‍ പൊടിക്കാറ്റ് ; വിമാനങ്ങള്‍ വഴി തിരിച്ച് വിടുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ പൊടിക്കാറ്റ് ശ്കതമാകുന്നു. എഴുപതു കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുമുണ്ടായി. ദൂരക്കാഴ്ച പരിധി 500 മീറ്ററില്‍ താഴെയായിരുന്നു എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അബ്ദുല്‍ അസീസ് അല്‍ ഖറാവി അറിയിച്ചു. കാലാവസ്ഥ ഈ നിലയില്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ കനത്ത പൊടിയില്‍ ദൂരക്കാഴ്ച പരിധി കുറഞ്ഞതിനാല്‍ ഏതാനും വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. കുവൈറ്റില്‍ ഇറങ്ങേണ്ടിയിരുന്ന അഞ്ചു വിമാനങ്ങള്‍ ഖത്തറിലെ ദോഹ, ബഹ്റൈനിലെ മനാമ വിമാനത്താവളങ്ങളിലേക്കാണ് തിരിച്ചു വിട്ടതെന്ന് വ്യോമയാന ഡയറക്ടര്‍ ഇമാദ് അല്‍ സനൂസി അറിയിച്ചു.
അതേസമയം തുറമുഖങ്ങളില്‍ കപ്പല്‍നീക്കവും നിര്‍ത്തിവച്ചു. മറൈന്‍ ഓപ്പറേഷന് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നു ഷുവൈഖ്, ഷുഐബ, ദോഹ തുറമുഖങ്ങളില്‍ കപ്പലുകള്‍ വരുന്നതും പോകുന്നതും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്ന് തുറമുഖ അതോറിറ്റി അറിയിച്ചു.