മുംബൈയിലെ എയര്‍ ഇന്ത്യയുടെ പഴയ ആസ്ഥാനം വില്‍ക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സജീവമാക്കി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ നഷ്ടം നികത്തുന്നതിന്റെ ഭാഗമായി, മുംബൈയിലെ എയര്‍ ഇന്ത്യയുടെ പഴയ ആസ്ഥാനം വില്‍ക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സജീവമാക്കി. പൊതുമേഖലാ സ്ഥാപനമായ ജവാഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റിനാണ് (ജെ.എന്‍.പി.ടി.) വില്ക്കാന് ഉദ്ദേശിക്കുന്നത്. ഇതിന് പ്രധാനമന്ത്രി തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വില്‍പ്പനയ്ക്കെതിരേ എയര്‍ ഇന്ത്യയിലെ ചില ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്.
മുംബൈയിലെ നരിമാന് പോയന്റിലുള്ള 23 നില കെട്ടിടമാണ് വില്‍ക്കാനുദ്ദേശിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചരക്കുഗതാഗത തുറമുഖമായ ജെ.എന്‍.പി.ടി. വഴിയാണ് രാജ്യത്തെ 55 ശതമാനം ചരക്കും കൈകാര്യംചെയ്യുന്നത്. 1300 കോടി രൂപയാണ് ജെ.എന്‍.പി.ടി.യുടെ വാര്‍ഷികവരുമാനം. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു തൊട്ടുപിറകെയാണിത്. കെട്ടിടത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വ്യോമയാന, ഷിപ്പിങ് മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഒരു സമിതിയുണ്ടാക്കി. എയര്‍ ഇന്ത്യയും ജെ.എന്‍.പി.ടി.യും ഈ മന്ത്രാലയങ്ങളുടെ കീഴിലാണ് വരുക. വില്‍പ്പനയ്ക്കുശേഷം കെട്ടിടത്തിന്റെ പേരുമാറുമോയെന്ന കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ‘എയര്‍ ഇന്ത്യ ബില്‍ഡിങ്’ എന്നാണ് അതിപ്പോള്‍ പൊതുവായി അറിയപ്പെടുന്നത്.